എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; സമാശ്വാസ തൊഴിൽദാന പദ്ധതിയിൽ നിയമനം

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സമാശ്വാസ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ നിയമനം നൽകിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ സേഫ്റ്റി ഓഫീസർ തസ്തികയിലാണ് നിയമനം.

മകൾക്ക് ആശ്രിത നിയമനം നൽകണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ നിർണായക തീരുമാനം എടുത്തത്.

കേസിൽ നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തെ സിപിഎം എതിർത്തിരുന്നു.

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ചടങ്ങിൽ എത്തി പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. ക്ഷണിക്കാതെയായിരുന്നു ദിവ്യ ചടങ്ങിലെത്തിയത്. യോഗം കഴിഞ്ഞ് ലഭിച്ച ഉപഹാരങ്ങൾ പോലും കൈപ്പറ്റാതെയാണ് നവീൻ ബാബു കലക്ടറേറ്റ് വിട്ടിറങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button