ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ മൂന്ന് സ്വർണ്ണ മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി

ഗുമി: ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ മൂന്ന് സ്വർണ്ണ മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി. ഇതോടെ ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്‌തിട്ടും ഇന്ത്യന്‍ സംഘം പോരാടി. ഇതുവരെ അഞ്ച് സ്വർണ്ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 14 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

100 മീറ്റർ ഹർഡിൽസിൽ നിലവിലെ ചാമ്പ്യനായ ജ്യോതി ചൈനയുടെ വു യാനി, ജപ്പാന്‍റെ യുമി തനകയുമായുള്ള പോരാട്ടത്തിനിടയിൽ ആദ്യം പിന്നിലായിരുന്നു. അവസാന ഹർഡിൽ കഴിഞ്ഞയുടനെ ജ്യോതി എതിരാളികളെ മറികടന്ന് ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കുകയും സ്വർണ്ണം നേടുകയും ചെയ്‌തു. 12.96 സെക്കൻഡോടെ ചാമ്പ്യൻഷിപ്പ് റെക്കോർഡും താരം സൃഷ്ടിച്ചു.

മറ്റു മത്സരങ്ങളില്‍ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ദേശീയ റെക്കോർഡ് ഉടമയായ അവിനാശ് സാബിൾ അനായാസം ജയം നേടി. 8.20:92 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ താരം സ്വര്‍ണം സ്വന്തമാക്കി. 1989-ൽ ദീന റാമിന് ശേഷം ഈ ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി സാബിള്‍ മാറി. ജപ്പാന്‍റെ യുതാരോ നിനയ് (8:24.41), ഖത്തറിന്‍റെ സക്കറിയ എലഹ്ലാമി (8:27.12) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ജിഷ്‌ണ മാത്യു, രൂപാൽ ചൗധരി, കുഞ്ച രജിത, ശുഭ വെങ്കിടേശൻ എന്നിവരടങ്ങുന്ന വനിതാ ടീം 4×400 മീറ്റർ റിലേയിൽ 3:34.19 സെക്കൻഡിൽ ഫിനിഷ് ചെയ്‌തതോടെ മറ്റൊരു സ്വർണം കൂടി ഇന്ത്യയുടെ അക്കൗണ്ടില്‍ കയറി. 12 വർഷത്തിനു ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.

പുരുഷന്മാരുടെ 4×400 മീറ്റർ റിലേ ടീം (3:03.67 സെക്കൻഡ്) ഖത്തറിന് പിന്നിൽ ഫിനിഷ് ചെയ്‌ത് വെള്ളി മെഡൽ നേടി (3:03.52 സെക്കൻഡ്). ജയ് കുമാർ, ധർമ്മവീർ ചൗധരി, മനു തെക്കിനാലിൽ സജി, വിശാൽ ടി.കെ എന്നിവരടങ്ങുന്ന ടീം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *