അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു

കൊച്ചി:അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു. ടീം എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന നിലപാടിലാണ് കായികവകുപ്പ്. ലയണൽ മെസിയുടെയും സംഘത്തിൻ്റെയും കേരള സന്ദർശനത്തിലെ അനിശ്ചിതത്വം വിവാദമായതിന് പിന്നാലെ കായിക വകുപ്പും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അർജന്റീന ടീം ഉറപ്പായും കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്നാൽ ടീം കേരളത്തിൽ എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തും എന്നുള്ള കാര്യത്തിൽ പോലും വ്യക്തതയില്ല.

തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബും, എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുണ് മത്സരത്തിനായി സർക്കാർ പരിഗണനയിലുള്ളത്. എന്നാൽ ഈ രണ്ടു സ്റ്റേഡിയങ്ങൾക്കും ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഫിഫയുടെ അനുമതി ഇല്ല. സർക്കാർ ആവശ്യപ്പെട്ടാലും ലീസിന് എടുത്ത കാര്യവട്ടം സ്റ്റേഡിയം വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് തീരുമാനം എടുക്കേണ്ടത്. അതേസമയം

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്‍റീനൻ ടീമും ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മാധ്യമപ്രവർത്തകതോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുടെയും അർജന്റീനൻ ടീമിന്റെയും വരവ് അനിശ്ചിതത്വത്തിലായ വാർത്തകൾ പ്രചരിക്കുന്നതിടെയാണ് മന്ത്രിയുടെ പ്രതികരണം. സ്പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

സ്പോൺസർ പണമടച്ചാൽ മറ്റു തടസ്സങ്ങളൊന്നുമില്ല. തീയതി അടക്കം വിശദാംശങ്ങൾ അടുത്തയാഴ്ച പറയാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ അർജന്റീനയുമായി നല്ല ബന്ധത്തിൽ ആണ് സർക്കാർ ഉള്ളത്. അർജന്റീന ടീം വരും തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെ കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read -വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ തരൂരിന് കോണ്‍ഗ്രസിന്റെ അനുമതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *