ചെന്നൈ: ചാമ്പ്യൻസ് ട്രോഫി തിളക്കത്തിനിടയിലും തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായപ്പോൾ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നാണ് വരുണിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പോലും ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വരുൺ പറഞ്ഞു.
ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021ലെ ട്വന്റി20 ലോകകപ്പ് ടീമിൽ വരുണിന് ഇടം ലഭിച്ചെങ്കിലും പ്രകടനം മോശമായിരുന്നു. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ വരുണിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ടൂർണമെന്റിൽ പാകിസ്ഥാനോട് പത്ത് വിക്കറ്റിന് തോറ്റ ഇന്ത്യ, ന്യൂസിലൻഡിനോടും തോറ്റു.’എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഒരു വിക്കറ്റ് പോലും നേടാനായില്ലല്ലോ എന്നോർക്കുംതോറും നിരാശ വർദ്ധിച്ചു.
അതിനുശേഷം മൂന്ന് വർഷത്തോളം എനിക്ക് ദേശീയ ടീമിൽ സെലക്ഷൻ കിട്ടിയില്ല. അതിനാൽ, തുടക്കത്തേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു ടീമിലേക്കുള്ള എന്റെ തിരിച്ചുവരവ് എന്നതായിരുന്നു വാസ്‌തവം.നിരവധി ഭീഷണി സന്ദേശങ്ങൾ വന്നു. ഇനി ഇന്ത്യയിലേക്ക് കണ്ടുപോകരുതെന്നായിരുന്നു ചില സന്ദേശങ്ങൾ. ആളുകൾ എന്റെ വീട് പോലും ലക്ഷ്യമിട്ടു. പലപ്പോഴും ഒളിച്ചിരിക്കേണ്ട ഗതികേടിലായി. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ ചിലർ ബൈക്കിൽ പിന്തുടർന്നു. ഇതൊക്കെ സ്വാഭാവികമാണെന്ന് എനിക്കറിയാം. ഇന്ത്യയുടെ തോൽവിയും എന്റെ മോശം പ്രകടനവും അവരെ വൈകാരികമായി ബാധിച്ചത് എനിക്ക് മനസിലാകും’, വരുൺ ചക്രവർത്തി പറഞ്ഞു.