പാലക്കാട് സ്കൂളിൽ ഞെട്ടിക്കുന്ന സംഭവം; ഒൻപതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു

പാലക്കാട്: ഒൻപതാം ക്ളാസ് വിദ്യാർത്ഥിക്ക് ക്ളാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റു. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നുരാവിലെ 11 മണിയോടെയായിരുന്നു സംഭവം. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് വെടിയുതിർത്തത്.
വിദ്യാർത്ഥിയുടെ പക്കലുണ്ടായിരുന്നത് നാടൻ തോക്ക് ആണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വിദ്യാർത്ഥിയെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.വെടിയുതിർത്ത വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
മൂന്ന് തവണയാണ് വിദ്യാർത്ഥി വെടിവച്ചത്. രണ്ടുതവണ ക്ളാസിന് പുറത്തേക്കാണ് വെടിയുതിർത്തത്. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ തോളിൽ പതിച്ചത്. പഴയകാലത്തെ റിവോൾവർ തോക്ക് ആണിതെന്നും സംശയമുണ്ട്. കുട്ടിയുടെ പിതാവിന്റെ തോക്ക് ആണിതെന്നും സംശയമുണ്ട്. സഹപാഠികളെ തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വിദ്യാർത്ഥിക്ക് വെടി കൊള്ളുകയായിരുന്നുവെന്നാണ് വിവരം.



