പത്മജയുടെ മാപ്പപേക്ഷ; കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു? നിർണായക ചർച്ചയ്ക്കൊരുങ്ങി കെപിസിസി

ബിജെപിയിൽ നിന്ന് രാജിവെച്ച പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് നിർണ്ണായക ചർച്ചകളിലേക്ക് കടക്കാൻ കെപിസിസി തീരുമാനിച്ചു. പത്മജ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നീക്കം. നേതാക്കളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയവിനിമയം നടത്തും. വിഷയത്തിൽ ഹൈക്കമാൻഡിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾ നിർണ്ണായകമാകും.

പത്മജ മാപ്പപേക്ഷിച്ച സാഹചര്യത്തിൽ അവരെ പരിഗണിക്കണമെന്നും പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നുമാണ് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇനിയും പത്മജയെ പുറത്തുനിർത്തുന്നത് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം, സംഘപരിവാർ ആശയങ്ങളെ പത്മജ തള്ളിപ്പറയണമെന്ന ആവശ്യവും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.

പത്മജയുമായുള്ള ആശയവിനിമയം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ നിലപാടുകളിൽ പത്മജ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരന്റെ ഓർമ്മദിനത്തിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും എല്ലാവരും ഒരുമിച്ച് പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് അവർ അറിയിച്ചതായും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എന്നാൽ കൃത്യമായ കൂടിയാലോചനകളിലൂടെ മാത്രമേ പത്മജയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജയുടെ തിരിച്ചുവരവിനോട് അനുകൂല നിലപാടാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്വീകരിച്ചത്. തെറ്റ് തിരുത്തി ആർക്കുവേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും, തെറ്റ് തിരുത്തി വരുന്ന എല്ലാവരെയും ഉൾപ്പെടുത്താമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പത്മജയ്ക്ക് പിന്നാലെ പത്മിനിയും വരുന്നുണ്ടെന്നും, നിരവധി പേർ തിരികെ വരാൻ കാത്തുനിൽക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തി വരുന്നവർക്ക് പ്രവർത്തിക്കാൻ അഞ്ച് വർഷമെങ്കിലും അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

എന്നാൽ, പത്മജയ്ക്കെതിരെ രൂക്ഷവിമർശനവുമായാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്തെത്തിയത്. പത്മജ ഇപ്പോഴും സംഘപരിവാറിനെ പുകഴ്ത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ട് ആരും വരേണ്ടെന്നും, പാർട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ കോൺഗ്രസ് വിട്ടതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

പാർട്ടിക്കായി പ്രവർത്തിച്ചവരെ മാറ്റിനിർത്തി പത്മജയ്ക്ക് പദവികൾ നൽകിയിട്ടുണ്ടെങ്കിലും അതിന്റെ വില മനസ്സിലാക്കാനുള്ള പ്രാപ്തി അവർ കാണിച്ചിട്ടില്ലെന്ന് ദീപ്തി തുറന്നടിച്ചു. ഒരു തവണയെങ്കിലും മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നോക്കി ‘കോൺഗ്രസ് സിന്ദാബാദ്’ എന്ന് വിളിച്ചവർക്ക് പാർട്ടി വിട്ടുപോകാൻ കഴിയില്ലെന്നും, സമരമുഖത്ത് നിന്ന് പത്മജ അത്തരത്തിൽ മുദ്രാവാക്യം വിളിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അവർ വിമർശിച്ചു.

കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തന്നേക്കാൾ മുന്നേ ബിജെപിയിൽ എത്തിയേനെയെന്ന പത്മജയുടെ മുൻ പരാമർശം കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിലാണ് കൊണ്ടതെന്നും, എങ്ങനെയാണ് ഒരാൾക്ക് അങ്ങനെ പറയാൻ സാധിക്കുകയെന്നും ദീപ്തി മേരി വർഗീസ് ചോദിച്ചു. ഇവരെപ്പോലൊരു ജൂനിയറിന്റെ കൂടെ തന്നെ ഭാരവാഹിയാക്കരുതെന്ന് പത്മജ പറഞ്ഞതായി കേട്ടിട്ടുണ്ടെങ്കിലും, അതിന് തന്റെ പക്കൽ തെളിവില്ലെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button