ബിജെപിയിലേക്കുള്ള മാറ്റം തെറ്റായിപ്പോയി! പാർട്ടി അംഗത്വം രാജിവച്ച് പത്മജ വേണുഗോപാൽ

തൃശൂർ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകളും മന്ത്രി കെ മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ പറഞ്ഞു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും അത് തിരുത്തുന്നുവെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പത്മജയുടെ വാക്കുകൾ

ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തുചാടി. രാജിവയ്ക്കുന്നു എന്ന തീരുമാനം ആദ്യം അറിയിച്ചത് സഹോദരൻ കെ മുരളീധരനെയാണ്.ബിജെപിയിൽ അംഗമായിരുന്നപ്പോൾ മീനിനെപ്പിടിച്ച് കയരിയിലിട്ട അവസ്ഥയായിരുന്നു. ചേട്ടനെ തിരിച്ചുകിട്ടി. അതാണ് ഏറ്റവും വലിയ സന്തോഷം. പദവി കിട്ടാത്തതിനാലല്ല ബിജെപിയിൽ നിന്ന് രാജിവച്ചത്. അവർ വാഗ്‌ദാനമൊന്നും നൽകിയിരുന്നില്ല. ഞാൻ ഒന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നില്ല. കേരളത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കോൺഗ്രസിനുള്ളിലുള്ളവർ ഉൾപ്പെടെ ആരുമായും തർക്കത്തിനില്ല.

പത്മജ 2024 മാർച്ചിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞവർഷം ആദ്യം പത്മജയെ ഗവർണർ സ്ഥാനത്തേക്ക് കേന്ദ്രം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ തൃശൂരിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിച്ചപ്പോൾ തീരെ ചെറിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത് മൂന്നുമാസം മുമ്പെന്നാണ് ലഭിക്കുന്ന സൂചന.

കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് സഹോദരനും മന്ത്രിയുമായ കെ മുരളീധരനോടാണ്. എന്നാൽ ഇക്കാര്യത്തിൽ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാതെ പാർട്ടി നേതൃത്വത്തോട് സംസാരിക്കാനായിരുന്നു മുരളീധരൻ നൽകിയ നിർദേശം. ഇതിനുപിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കളുമായി പത്മജ സംസാരിച്ചു എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന് പത്മജയുടെ കാര്യത്തിൽ കാര്യമായ എതിർപ്പില്ലെന്നാണ് അറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button