ഇടിവിന് വിരാമം; സ്വർണവിലയിൽ വീണ്ടും കുതിപ്പ്, പവൻ ഒരു ലക്ഷത്തിന് മുകളിൽ

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് സ്വർണവിലയിൽ നേരിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കൂടി 12,615 രൂപയും പവന് 200 രൂപ കൂടി 1,00,920 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ തകർച്ചയ്ക്ക് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 195 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,881 മുതൽ 3,894 ഡോളർ വരെയാണ്. അതേസമയം, ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 96 ഡോളറിലേക്ക് അടുത്തു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കാനും രൂപയുടെ മൂല്യം തകരാനും കാരണമായി.യുഎസ് ഡോളറിന്റെ കരുത്ത്, ട്രഷറി ആദായത്തിലെ വർദ്ധനവ്, ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ
എന്നിവയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണം ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും വില കൂടാൻ കാരണമായിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു പവന് ഇന്നലെ രേഖപ്പെടുത്തിയത്. അവിടെ നിന്നാണ് ഇന്ന് നേരിയ മുന്നേറ്റം പ്രകടമായത്.



