ആറ്റുകാൽ പൊങ്കാല ദിനത്തിൽ സിബിഎസ്ഇ പരീക്ഷ; പത്താം ക്ലാസ് പരീക്ഷ മാറ്റണമെന്ന് സ്കൂളുകൾ, ആശങ്ക ശക്തം

തിരുവനന്തപുരം: അടുത്ത വർഷം ഫെബ്രുവരി 22ന് ആറ്റുകാൽ പൊങ്കാലയുടെ അതേ ദിവസം നടക്കാനിരിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ആശങ്ക അറിയിച്ച് സ്കൂൾ അധികൃതർ. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാദ്ധ്യതയുള്ള ദിവസമായതിനാൽ പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് സിബിഎസ്ഇ ബോർ‌ഡിനോട് ആവശ്യപ്പെടാന്‍ തയാറെടുക്കുകയാണ് സ്കൂൂളുകൾ. സിബിഎസ്ഇ പത്താം ക്ലാസ് ശാസ്ത്ര പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഓട്ടോമോട്ടീവ്, ഫാഷൻ സ്റ്റഡീസ്, എൻസിസി പരീക്ഷകളുമാണ് അന്നേ ദിവസം ന‌ടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നരവരെയാണ് പത്താം ക്ളാസ് പരീക്ഷ.

പൊങ്കാലദിനത്തിലെ ഗതാഗത നിയന്ത്രണങ്ങളും തിരക്കും പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയെ ബാധിക്കുമോയെന്നതാണ് രക്ഷിതാക്കളടക്കം പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക. പൊങ്കാലയോടനുബന്ധിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്ന് പൊങ്കാല അർപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ വൻ ജനത്തിരക്കുണ്ടാകുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ചില റോഡുകളിൽ താൽക്കാലിക ഗതാഗത നിരോധനവും നിയന്ത്രണങ്ങളും

ഏർപ്പെടുത്തുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളെയും ബാധിക്കാനിടയുണ്ട്. പൊങ്കാലദിനത്തിൽ തിരുവനന്തപുരത്ത് പ്രാദേശിക അവധിയുമാണ്.ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്താനാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അതേസമയം,​ ഒരു നഗരത്തിനുവേണ്ടി രാജ്യം മുഴുവനുമുള്ള പരീക്ഷാതീയതി മാറ്റുമോ എന്നതും വ്യക്തമല്ല. സ്കൂള്‍ അധികൃതര്‍ ഡല്‍ഹിയില്‍ സിബിഎസ്ഇ ബോര്‍ഡിനെ തലസ്ഥാനത്തെ സാഹചര്യം അറിയിക്കും. സംസ്ഥാന സർക്കാർ കൂടി വിഷയത്തിൽ ഇടപെടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button