അമ്മ ഉപേക്ഷിച്ചു, കൂട്ടുകാരും അകറ്റിനിർത്തി; ഇന്ന് മൃഗശാലയിലെ കുട്ടിക്കുരങ്ങുകളുടെ പ്രിയപ്പെട്ട ‘വല്യേട്ടൻ’ പഞ്ച്!

ടോക്കിയോ: ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടിക്കുരങ്ങനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ജനിച്ചയുടൻ അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് മൃഗശാല അധികൃതർ നൽകിയ ഒറാങ്ങൂട്ടാൻ പാവയെ അമ്മയായി കണ്ട് കെട്ടിപ്പിടിച്ച് നടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കൂട്ടത്തിലെ മറ്റ് കുരങ്ങുകളുടെ അവഗണനയും ഉപദ്രവവും നേരിട്ട പഞ്ച് ഇന്ന് ആ കുട്ടികുരങ്ങല്ല. മറിച്ച് വളർന്ന് മൃഗശാലയിലെ കുഞ്ഞ് കുരങ്ങുകളുടെ ഏറ്റവും പ്രിയപ്പെട്ട സംരക്ഷകനായി മാറിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

തനിക്കുണ്ടായ ദുരനുഭവങ്ങൾ പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകരുതെന്ന കരുതലോടെ ഒരു കുഞ്ഞ് കുരങ്ങിനൊപ്പം കളിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന പഞ്ചിനെ വീഡിയോയിൽ കാണാം. “നിങ്ങൾ എന്ത് വേദനയിലൂടെ കടന്നുപോയാലും, അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മറ്റൊരാൾക്ക് താങ്ങായി മാറുക” എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതികം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കൂട്ടത്തിലെ മറ്റ് കുരങ്ങുകൾക്കൊപ്പം സന്തോഷത്തോടെ കളിച്ചുല്ലസിക്കുന്ന പഞ്ചിന്റെ പുതിയ വീഡിയോ ഇച്ചിക്കാവ സിറ്റി മൃഗശാലയും പങ്കുവച്ചിട്ടുണ്ട്. ജീവനക്കാരുടെ നിരന്തരമായ നിരീക്ഷണവും കൃത്യമായ പരിചരണവുമാണ് പഞ്ചിനെ ഇത്രയധികം ആരോഗ്യവാനാക്കി മാറ്റിയതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയും സ്നേഹപൂർവ്വം ഇടപെട്ടുമാണ് ജീവനക്കാർ ഇവയെ പരിപാലിക്കുന്നത്. പഞ്ചിന്റെ കഥ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിനോദസഞ്ചാരികൾ ഇപ്പോഴും മൃഗശാലയിലേക്ക് എത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button