പകർത്തുന്നത് ദൃശ്യങ്ങളല്ല, കഥയുടെ ആത്മാവ്’; ഷാജി കുമാറിനെ ഓർത്ത് വികാരഭരിതനായി സുരേഷ് ഗോപി

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പന്റെ’ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. ചിത്രം പൂർത്തിയാകും മുൻപേയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ തനിക്ക് ഇനിയും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഷാജി ക്യാമറയ്ക്ക് പിന്നിൽ നിന്ന് പകർത്തിയത് വെറും ദൃശ്യങ്ങളല്ലെന്നും ഓരോ കഥയുടെ ആത്മാവും കഥാപാത്രങ്ങളുടെ വികാരങ്ങളുമായിരുന്നുവെന്നും സുരേഷ് ഗോപി സ്മരിച്ചു. ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ നട്ടെല്ല് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ അധ്വാനവും ആത്മാർത്ഥതയും സ്വപ്നവുമുണ്ടായിരുന്നുവെന്നും താരം ഓർത്തെടുത്തു.

ഒരു കലാകാരൻ വിടപറഞ്ഞാലും അയാൾ സൃഷ്ടിച്ച കല മരിക്കില്ലെന്ന് ഷാജി പകർത്തിയ ഫ്രെയിമുകൾ വരുംതലമുറയോട് പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല, സിനിമയെ അത്രമേൽ സ്നേഹിച്ച പ്രിയപ്പെട്ട സഹപ്രവർത്തകനെ കൂടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി, ഷാജി കുമാറിന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button