മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് തോമസ് ഐസക്; മമ്മൂക്ക ഇടതുപക്ഷത്തിന്റെ സുഹൃത്തെന്നും നിലപാട്

കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് തോമസ് ഐസക്. കേരളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടി, ഇടതുപക്ഷത്തോട് എപ്പോഴും സൗഹൃദം പുലർത്തുന്ന വ്യക്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും, മമ്മൂട്ടിയെ സമൂഹമാധ്യമങ്ങളിൽ അക്രമിക്കുന്നത് സിപിഐഎം പ്രവർത്തകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ആർക്ക് വേണമെങ്കിലും പാർട്ടിയുടെ പേരിൽ പോസ്റ്റുകൾ ഇടാമെന്നും എന്നാൽ പാർട്ടിക്ക് ഔദ്യോഗിക ഹാൻഡിലുകളും നേതാക്കളുമുണ്ടെന്നും ഓർമിപ്പിച്ച അദ്ദേഹം, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കണോ എന്നത് ഓരോ വ്യക്തിയുടെയും സ്വന്തം തീരുമാനമാണെന്നും പറഞ്ഞു.
സി.ഐ.ടി.യു സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും തോമസ് ഐസക് പ്രതികരിച്ചു. സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ തനിക്കറിയില്ലെങ്കിലും, പാർട്ടി അംഗീകരിച്ച രേഖകളിൽ തന്നെ പരാജയ കാരണങ്ങൾ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും അതിനാൽ ഇത്തരം ചർച്ചകളിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തലുകളുടെ ഭാഗമാണ് ഇത്തരം വിലയിരുത്തലുകൾ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതിയല്ല രണ്ടാം സർക്കാരിന്റെ കാലത്തുണ്ടായിരുന്നതെന്നും, കേന്ദ്രസർക്കാർ ബോധപൂർവം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, പെട്രോളിലെ എഥനോൾ മിശ്രണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും ദൂരീകരിക്കണമെന്നും, ഇന്ധനങ്ങളിൽ എഥനോൾ വർധിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പിയാണെന്നും, ഇതിന് പിന്നിലുള്ളവർ അവരുമായി ബന്ധമുള്ള എഥനോൾ നിർമാതാക്കളാണെന്നും തോമസ് ഐസക് ആരോപിച്ചു.



