പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ഭാര്യയെ വെട്ടിയത് കുട്ടികളെ മുത്തച്ഛനെ കാണാൻ അനുവദിക്കാത്തതിന്, രക്ഷപെടാൻ ശ്രമിച്ചപ്പോഴും ആക്രമണം

മറയൂർ: പൊലീസ് സ്റ്റേഷന് മുന്നിൽവച്ച് മാങ്കുളം കുറത്തിക്കുടി സ്വദേശി ശിവാനന്ദൻ ഭാര്യയെ ആക്രമിച്ചതിന് കാരണം മക്കളെ മുത്തച്ഛനെ കാണാൻ അനുവദിക്കാത്തതിലെ പക. കാന്തല്ലൂർ തീർത്ഥമല നാക്കുപെട്ടി ആദിവാസി ഊരിലെ സുബ്ബുലക്ഷ്മിക്കാണ് ഗുരുതരമായി പരുക്കേറ്റത്.ശിവാനന്ദനും സുബ്ബുലക്ഷ്‌മിയും കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞാണ് കഴിയുന്നത്. തീർത്ഥമലകുടിയിലാണ് സുബ്ബുലക്ഷ്‌മി താമസിച്ചിരുന്നത്, ശിവാനന്ദൻ നാക്കുപ്പെട്ടി കുടിയിലും. ഇവർക്ക് 12ഉം എട്ടും വയസുള്ള രണ്ട് പെൺമക്കളാണുള്ളത്.

കുട്ടികൾ കാന്തല്ലൂ‌ർ പെരുമല സ്‌കൂൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഇവരെ കാണണം എന്ന് ശിവാനന്ദന്റെ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ സുബ്ബുലക്ഷ്മി സമ്മതിച്ചില്ല. ഇതോടെയാണ് കഴിഞ്ഞദിവസം ശിവാനന്ദൻ മറയൂർ പൊലീസിൽ പരാതിപ്പെട്ടത്. ഞായറാഴ്‌ച രാവിലെ 11 മണിയോടെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുമായി ചർച്ച നടത്തിയെങ്കിലും സുബ്ബുലക്ഷ്‌മി കുട്ടികളെ വിട്ടുനൽകാൻ തയ്യാറായില്ല.

വിട്ടുവീഴ്‌ച ചെയ്യണമെന്ന് നിർദ്ദേശിച്ച് പൊലീസ് ഇവരെ മടക്കിയയച്ചു. എന്നാൽ സ്റ്റേഷൻ ഗെയ്‌റ്റ് കടന്നതും വീണ്ടും ഇരുവരും തമ്മിൽ തർക്കമായി.തുടർന്ന് പ്രകോപിതനായ ശിവാനന്ദൻ കൈയിൽ കരുതിയ വാക്കത്തി കൊണ്ട് സുബ്ബുലക്ഷ്‌മിയെ വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ താഴെവീണപ്പോഴും വെട്ടി.

തുടർന്ന് സമീപത്തുനിന്ന മാശിവയൽ സ്വദേശി ശിവകുമാർ, സഹായഗിരി സ്വദേശി ടി കെ സുധാകരൻ എന്നിവരുടെ ശ്രമഫലമായാണ് കൂടുതൽ അപകടം ഒഴിവായത്.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുബ്ബുലക്ഷ്‌മിക്ക് അഞ്ചോളം വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ സുബ്ബുലക്ഷ്മിയെ മറയൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശിവാനന്ദനെ മറയൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button