ഈജിപ്തിൽ രണ്ട് ട്രെയിനുകൾ പാളം തെറ്റി കൂട്ടിയിടിച്ച് അപകടം; 64 പേർക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 64 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ ഗിസയ്ക്കും ഫയൂമിനുമിടയിൽ സർവീസ് നടത്തിയ ട്രെയിൻ, കെ‌യ്‌റോയിൽനിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. കെയ്‌റോയുടെ പ്രാന്തപ്രദേശമായ ഗിസ പ്രവിശ്യയിലെ അൽഅയ്യാത്ത് മേഖലയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ പാളം തെറ്റി.

അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം 64 ആണെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി. തകർന്ന ട്രെയിനിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഈജിപ്ഷ്യൻ റെയിൽവേ അതോറിറ്റി അറിയിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ സെപ്തംബറിലും ഇതേ മേഖലയിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടിയിൽ ലോക്കോ പൈലറ്റിനും സഹായിക്കും പരിക്കേറ്റിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button