തെരുവുനായയുടെ കടിയേറ്റ് പത്തോളം പേർക്ക് പരിക്ക്; മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച് കോൺഗ്രസ്

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് കോണത്ത് തെരുവുനായയുടെ കടിയേറ്റ് പത്തോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടയ്ക്കോട്, മുദാക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിലും വഴിവിളക്കുകൾ പ്രവർത്തനരഹിതമായതിനെത്തുടർന്ന് ജനങ്ങൾ ദുരിതമനുഭവിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം.
തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനഃസ്ഥാപിച്ച് രാത്രികാല യാത്ര സുരക്ഷിതമാക്കണമെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും പരിഹാരനടപടികൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർക്കുമെന്നും പ്രസിഡന്റ് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉപരോധസമരം അവസാനിപ്പിച്ചു.
ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ജനങ്ങൾക്കൊപ്പം നിന്ന് പോരാട്ടം തുടരുമെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം. ബാദുഷ, ശരുൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുകന്യ, ഷിബു, വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർമാരായ വിജയൻ കോരാണി, വീണ വിഷ്ണു, ബൂത്ത് പ്രസിഡന്റുമാരായ ആശ സുരേഷ്, സുരേഷ് പാറയടി, സൗമ്യ, ദീപ, മുരളി, പ്രസാദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.



