മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം; ‘വിരട്ടിയാൽ പേടിക്കില്ല’, നിലപാട് കടുപ്പിച്ച് മന്ത്രി റോജി എം. ജോൺ

കൊച്ചി: മഹാരാജാസ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങിനിടെയുണ്ടായ നാടകീയ സംഭവങ്ങളിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോൺ. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷനിമിഷത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
“സദസ്സിൽ നിന്ന് ‘സഖാവേ ഒരു ചോദ്യം’ എന്ന് ഉയർന്നപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയാനുള്ള അധികാരത്തിന്റെ അഹങ്കാരം ഞാൻ കാട്ടിയില്ല. പ്രതിഷേധിക്കാനും ബാനർ ഉയർത്താനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുമ്പോൾ കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും മാസ്കും അഴിപ്പിച്ചിരുന്ന പിണറായിക്കാലമല്ലിത്.
ചോദ്യങ്ങളോടോ സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാൽ ആ കുട്ടികളുടെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങില്ല,” റോജി എം ജോൺ കുറിച്ചു.
തോന്നിയത് പോലെ ചെയ്യാമെന്ന വിരട്ടലിന് മുന്നിൽ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇരുപത് മിനിറ്റോളം പ്രതിഷേധക്കാർക്ക് മുന്നിൽ നിന്ന് പറയാനുള്ളത് വ്യക്തമായി പറഞ്ഞ ശേഷമാണ് വേദി വിട്ടത്.
പറയാനുള്ളത് തീർക്കാതെ മഹാരാജാസിന്റെ എന്നല്ല, ഒരു വേദിയിൽ നിന്നും ഇറങ്ങിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി സംസാരിക്കവേയായിരുന്നു സംഭവം. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത വിഷയം ഉന്നയിച്ച് സദസ്സിൽ നിന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉയർത്തി.
തുടർന്ന് യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യങ്ങൾ ആവർത്തിക്കുകയായിരുന്നു.ചോദ്യങ്ങൾക്ക് മറുപടി നൽകാം, പരിപാടി തടസ്സപ്പെടുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും “വിദ്യാർത്ഥികളെ എന്തിന് സസ്പെൻഡ് ചെയ്തു?”, “കാലടിയിലെ വിദ്യാർത്ഥികളെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല” തുടങ്ങിയ ബാനറുകളുമായി എസ്എഫ്ഐ പ്രവർത്തകർ മന്ത്രിയെ വളഞ്ഞു. തുടർന്ന് സുരക്ഷാ ജീവനക്കാർ മിസ്രിയയെ നീക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു.



