കൊല്ലത്ത് സര്‍വ്വശക്തന്‍ മുഖ്യമന്ത്രി;പിണറായിക്ക് പകരം പേര് പറയാന്‍ പോലും ഭയം

1

സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തിലും സര്‍വം പിണറായി മയം. സമ്മേളനം തുടങ്ങും മുമ്പേ പിണറായി വിജയന് പകരം ആരുമില്ലെന്ന് എംവി ഗോവിന്ദന്റെ പ്രസ്താവനയെ ശരിവെയ്ക്കുന്നതായിരുന്ന സമ്മേളനത്തിന്റെ ആദ്യ ദിനം.

സിപിഎം ഭരണത്തില്‍ ഇരിക്കുന്ന സമയത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും ഭരണവും വിമര്‍ശിക്കപ്പെടുന്നത് പതിവാണ്. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ ആ പതിവ് ഇല്ലാതായി. പാര്‍ട്ടി സംവിധാനങ്ങളിലെല്ലാം തന്നെ അത്രമേല്‍ പിണറായി കരുത്തനായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് ഭരണവിരുദ്ധ വികാരം ഈ സര്‍ക്കാരിനെതിരെ ഉണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. എന്നാല്‍ പിണറായി വിജയന് മുന്നില്‍ നിന്ന് പറയാന്‍ ധൈര്യമുള്ള ആരും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സിപിഎമ്മില്‍ പ്രായപരിധി നിബന്ധന പ്രകാരം 75 വയസ് പൂര്‍ത്തിയായവര്‍ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ പിണറായിയുടെ കാര്യത്തില്‍ അതൊന്നും ബാധകമാകില്ല. പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് അതില്‍ ഇളവ് ഉറപ്പാണ്. സംസ്ഥാനത്ത് മാത്രമല്ല കേന്ദ്രത്തില്‍ പോലും സിപിഎം എന്ത് തീരുമാനിക്കണം എന്ന് നിശ്ചയിക്കുന്നത് പിണറായി ആണ് എന്നതാണ് സ്ഥിതി.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

മൂന്നാം പിണറായി സര്‍ക്കാരിനെ പറ്റിയുള്ള ചര്‍ച്ചകളാകും സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമായും നടക്കുക. സിപിഎമ്മിന് ശക്തി കേന്ദ്രം കേരളം മാത്രമായി ഒതുങ്ങിയതിനാല്‍ ഭരണം നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രധാന കാര്യമാണ്. എന്നാല്‍ ഭരണവിരുദ്ധ വികാരത്തില്‍ മൂന്നാംവട്ടവും അധികാരത്തില്‍ എത്തുക എന്നത് വലിയ കടമ്പയാണ്. ഇതുകൂടാതെ രണ്ട് ടേം നിബന്ധന എന്നത് സിപിഎമ്മിന്റെ നയപരമായ തീരുമാനമാണ്. കഴിഞ്ഞ തവണ ടേം നിബന്ധനയുടെ പേരില്‍ മാറ്റി നിര്‍ത്തിയത് വലിയ നേതാക്കളെയാണ്. ഇതുതുടര്‍ന്നാല്‍ മുഖ്യമന്ത്രി അടക്കം മാറേണ്ടി വരും. എന്നാല്‍ നിലവില്‍ മാറി നില്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് ആരും ആവിശ്യപ്പെടില്ല എന്ന് ഉറപ്പാണ്.

തുടര്‍ ഭരണം ലഭിച്ചപ്പോള്‍ മുഉഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖം എന്നായിരുന്നു സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ എന്ത് തീരുമാനം ഉണ്ടായാലും അത് പിണറായിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമാകും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഏറെക്കുറെ ഉടച്ചു വാര്‍ത്തതാണ്. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തില്‍ കാര്യമായ മാറ്റത്തിന്റെ ആവശ്യമില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here