വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ? ആരാധക സംഘടനയ്ക്ക് പുതിയ രൂപം; ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും ചർച്ചയിൽ!

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് നടൻ ധനുഷിന്റെ നീക്കങ്ങൾ. ആരാധക സംഘടനയെ ജനക്ഷേമ പ്രസ്ഥാനമായി പുനഃസംഘടിപ്പിക്കുകയും 2,500-ലധികം വനിതാ ആരാധകരെ പങ്കെടുപ്പിച്ച് സംഗമം നടത്തുകയും ചെയ്തതോടെയാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി താരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആരാധക കൂട്ടായ്മയുടെ പുതിയ രൂപീകരണവും പ്രവർത്തനങ്ങളും രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തലുകൾ.
മുൻപ് ‘ധനുഷ് നർപ്പണി മൻറം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സംഘടനയെ ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന പേരിലാണ് പുനഃസംഘടിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന ചടങ്ങിൽ പ്രസ്ഥാനത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നവും പുറത്തിറക്കി. കോയമ്പത്തൂർ, റാണിപ്പേട്ട്, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽനിന്നുള്ള 2,500-ലധികം വനിതാ ആരാധകർ കനത്ത മഴയെ അവഗണിച്ച് സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത ഓരോ വനിതയ്ക്കും ധനുഷ് വെള്ളിയിൽ തീർത്ത കാമാക്ഷി വിളക്കുകൾ സമ്മാനിച്ചു. പരിപാടിക്ക് ശേഷം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ദീപാവലി ആശംസകൾ നേർന്ന് താരം മടങ്ങുകയായിരുന്നു.
ആർഎസ്എസിന്റെ ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട മുതിർന്ന നേതാവുമായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ധനുഷ് രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ സിനിമാതാരത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. വിജയ്യുടെ ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ പിന്നീട് ജനക്ഷേമ പ്രസ്ഥാനമായും തുടർന്ന് ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാർട്ടിയായും മാറിയിരുന്നു. ധനുഷിന്റെ സംഘടനാ നീക്കങ്ങളും ഇതിന് സമാനമാണെന്നാണ് നിരീക്ഷണം.
അതേസമയം, കോയമ്പത്തൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ധനുഷിന്റെ സംഘാടകർ ഒത്തുചേർന്ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരുന്നതായും റിപ്പോർട്ടുകളുണ്ട്. ആരാധക കൂട്ടായ്മയെ വിപുലീകരിച്ച് ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്ന ധനുഷിന്റെ നീക്കങ്ങൾ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഔദ്യോഗിക പ്രഖ്യാപനം വരാത്ത സാഹചര്യത്തിൽ, താരത്തിന്റെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് തമിഴ്നാട് രാഷ്ട്രീയ നിരീക്ഷകർ.



