സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി; പണം തട്ടുന്നവർക്ക് ജയിലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവർക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഹകരണ മേഖലയിലെ നിക്ഷേപകർക്ക് വിശ്വാസത്തോടെ പണം നിക്ഷേപിക്കാനുള്ള ഉറപ്പ് നൽകുകയാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ മേഖല കൂടുതൽ വിശ്വാസ്യത നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടോ മൂന്നോ പേർ ചേർന്ന് നാട്ടുകാരുടെ പണം തട്ടിയെടുക്കുന്ന സാഹചര്യം അനുവദിക്കാനാകില്ല. കോൺഗ്രസുകാരനായാലും മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടയാളായാലും ജനങ്ങളുടെ പണം കവർന്നെടുക്കുന്നവർക്ക് ജയിലാണ് സ്ഥാനമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്നും ഈ മേഖല തകർന്നാൽ അതിന്റെ നഷ്ടം സർക്കാരിനായിരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയിലെ പുതിയ സാധ്യതകൾ തുറന്നുകാട്ടിയ വ്യക്തിയാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ സ്ഥാപകൻ സി.എൻ. വിജയകൃഷ്ണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖലയിൽ പുതിയ വിമാനസർവീസ്

സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ വിമാനസർവീസായ കോ എയറിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളെപ്പോലെ പുതിയ വിമാനസർവീസ് വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി ഉൾപ്പെടെയുള്ള സംരംഭങ്ങൾ വിജയകരമായി നടപ്പാക്കിയ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിമാനസർവീസിന് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സംരംഭത്തിലൂടെ കേരളത്തിന്റെ സഹകരണ മേഖലയിലെ മികവ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള വൈദ്യുത കസേരകൾ സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ വിതരണം ചെയ്തു. വി.കെ. ഫൈസൽബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ കെ. ജയന്ത്, കെ. പ്രവീൺകുമാർ, ഫാത്തിമ തഹിലിയ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻഹാജി, കൗൺസിലർ കെ.പി. അനിൽകുമാർ, എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്‌സൺ പ്രീമ മനോജ്, വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, ജനറൽ മാനേജർ സാജു ജയിംസ്, കോഴിക്കോട് കോർപ്പറേഷൻ അർബൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി. ബാലഗംഗാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button