ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കുക! വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ വിരിവെക്കാനാകില്ല; പകരം വാളാർഡിയിൽ വിപുലമായ സൗകര്യങ്ങൾ

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ സത്രത്തിൽ ഇത്തവണ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പകരം വാളാർഡിയിൽ പാർക്കിംഗും വിരിവെക്കാനുള്ള വിപുലമായ സൗകര്യങ്ങളും ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഒരുക്കും. കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഇതിനുപുറമേ, പളനി, ദിണ്ഡുക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നതായിരിക്കും.

തീർത്ഥാടകരുടെ സുരക്ഷയ്ക്കായി വനം വകുപ്പും മോട്ടോർ വാഹന വകുപ്പും വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് പാതയിൽ ഒരുക്കുന്നത്. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഡ്രോൺ നിരീക്ഷണവും റാപ്പിഡ് റെസ്പോൺസ് ടീമും ഇക്കോ ഗാർഡുമാരുടെ സേവനവും ലഭ്യമാക്കും. മോട്ടോർ വാഹന വകുപ്പിന്റെ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനൊപ്പം, വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണവും ഉറപ്പാക്കിയിട്ടുണ്ട്.

പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ നിർദേശം നൽകി. ലഹരി ഉപയോഗം തടയാൻ എക്സൈസ് പരിശോധന ശക്തമാക്കുമെന്നും, തമിഴ്നാട്ടിൽ തീർത്ഥാടകർക്കായി ബോധവൽക്കരണ പ്രചാരണം നടത്തുമെന്നും തേനി കളക്ടർ അറിയിച്ചു. സംശയനിവാരണങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും തുറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button