സൗദി യാത്രക്കാർക്ക് തിരിച്ചടി! റിയാദ്, ദമാം സർവീസുകൾ നവംബർ 7 വരെ റദ്ദാക്കി എയർ ഇന്ത്യ; നിയന്ത്രണം നീട്ടി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും. റിയാദ്, ദമാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 7 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും റദ്ദാക്കിയതായി വിമാനക്കമ്പനികൾ അറിയിച്ചു.

ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാരും ഉംറ തീർത്ഥാടകരും ഉൾപ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. യാത്ര മുടങ്ങിയ ഇന്ത്യക്കാർക്ക് സഹായം ഉറപ്പാക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം നീട്ടിയതെന്ന് എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു.

ഒക്ടോബർ 24നോ അതിനു മുമ്പോ ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങുകയോ ചെയ്യാം. റിയാദ്, ദമാം നഗരങ്ങളിലേക്ക് നവംബർ ഏഴ് വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചിട്ടുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് സൗദി അറേബ്യയിലെ സർവീസ് നടത്തുന്ന മറ്റേതെങ്കിലും എയർ ഇന്ത്യ സ്റ്റേഷനിൽനിന്ന് യാത്ര പുനഃക്രമീകരിക്കാം. സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് ഒറ്റത്തവണ സൗജന്യ ബുക്കിംഗ് അനുവദിക്കും. നവംബർ 21 വരെയുള്ള യാത്രകൾക്കാണ് ഈ സൗകര്യം.

ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഒക്ടോബർ 31 വരെയുള്ള ടിക്കറ്റുകൾ എടുത്തവർക്കും സമാനമായ സൗകര്യമുണ്ട്. നവംബർ 14 വരെയുള്ള യാത്രകൾക്കായി ടിക്കറ്റ് പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസും സമാനമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റുകളുടെ ലഭ്യതയ്ക്കും നിബന്ധനകൾക്കും വിധേയമായി സൗദി അറേബ്യയിലെ സർവീസ് നടത്തുന്ന മറ്റ് വിമാനത്താവളങ്ങൾ വഴിയോ ബഹ്റൈൻ വഴിയോ യാത്ര പുനഃക്രമീകരിക്കാം.ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉംറ തീർത്ഥാടകരെയും പ്രത്യേക തടസങ്ങൾ ബാധിച്ച ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനുമായി ജിദ്ദയിലും മക്കയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button