ഇൻസ്റ്റഗ്രാം വീഡിയോയെച്ചൊല്ലി തർക്കം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന് പരാതി!

പൂനെ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.15ഓടെ പൂനെയിലെ ബലേവാഡിയിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം. 14കാരനായ വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സഹപാഠിയുടെ മുഖത്തും നെഞ്ചിലുമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ക്ലാസ് മുറിക്ക് പുറത്തുവച്ചായിരുന്നു ആക്രമണം. സ്കൂളിൽ നിന്നും ടൂർ പോകുന്നതിനിടെ ചിത്രീകരിച്ച വീഡിയോകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനി അപകടനില തരണം ചെയ്‌തുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കൃത്യം നടത്തിയ 14കാരനെ പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികൾക്കായുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം

പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.ഒക്ടോബർ 17, 18 തീയതികളിൽ നടത്തിയ വിനോദയാത്രയ്ക്കിടെ ചില പെൺകുട്ടികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ നീക്കം ചെയ്യണമന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥികൾ രംഗത്തെത്തി. ഇതോടെയാണ് തർക്കം ഉടലെടുത്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രകോപിതനായാണ് പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥി സഹപാഠിയെ ആക്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button