സിപിഐയിൽ സംഘടനാ അഴിച്ചുപണി! ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ വിളിക്കാൻ തീരുമാനം; ദൗർബല്യങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ തിരുത്തല്‍ നടപടികളുമായി സിപിഐയും രംഗത്ത്. പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചല്ലാതെ ഇത്തരത്തിൽ സമ്മേളനങ്ങള്‍ വിളിക്കുന്നത് അപൂർവ്വമായാണ്.
സംഘടനാ കാര്യങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും മാത്രം ചര്‍ച്ചചെയ്യാനാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. സാര്‍വദേശീയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഒഴിവാക്കണമെന്നും തീരുമാനമുണ്ട്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കളും നേരിട്ട് പങ്കെടുക്കും. 2027 മാര്‍ച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് ഈ സമ്മേളനങ്ങൾ നടക്കുക.
2028-ലാണ് സിപിഐയുടെ 26-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കേണ്ടത്. അതിന് ഇനിയും ഒരു വര്‍ഷത്തിലേറെ സമയമുള്ളപ്പോഴാണ് താഴേതട്ടിലെ കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രത്യേക സമ്മേളനങ്ങള്‍ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ ദിവസവും നീണ്ടുനില്‍ക്കുന്ന രീതിയിലായിരിക്കും ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ ക്രമീകരിക്കുക.
അതേസമയം, സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ ആലോചിക്കാന്‍ അടുത്ത മാസം 5-ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ യോഗം ചേരുന്നത്. നവംബർ 5-ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ സിപിഐയും പങ്കെടുക്കും.



