പിണറായിക്ക് സുപ്രീം കോടതിയുടെ താൽക്കാലിക ആശ്വാസം! മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേയ്ക്ക് തടഞ്ഞ് സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ അപ്പീൽ കേൾക്കണമായിരുന്നുവെന്നും സുപ്രീം കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. കോടതിയല്ല, ഇഡിയാണ് കേസെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. പ്രാഥമികാന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ. എന്നാൽ, സിംഗിൾ ബെഞ്ച് ജഡ്ജ് കേസെടുക്കണമെന്ന് ഉത്തരവിട്ടപ്പോൾ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു കേസെടുക്കുമ്പോൾ എന്തുകൊണ്ട് പ്രാഥമികാന്വേഷണം നടത്തിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.അപ്പീൽ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പിണറായിക്കും റിയാസിനുമെതിരായ എഫ്ഐആർ നിലനിൽക്കുമെങ്കിലും കേസിൽ തുടരന്വേഷണം നടത്താനാകില്ലെന്നാണ് സുപ്രീം കോടതി നിലപാടിൽ നിന്ന് വ്യക്തമാകുന്നത്. എഫ്ഐആർ റദ്ദാക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് തീരുമാനമെടുക്കാം.കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പിണറായി വിജയൻ, മകൾ ടി വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് മൂന്നുപേരും സുപ്രീംകോടതിയെ സമീപിച്ചത്.



