കേന്ദ്ര തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് തിരിച്ചടിയാകും! വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍ നിയമങ്ങള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന 82 ശതമാനത്തിലധികം തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ മാത്രം അസംഘടിത മേഖലയില്‍ ഒരു കോടിയിലധികം തൊഴിലാളികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആള്‍ ഇന്ത്യ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്‍ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എ.പി. ഉസ്മാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ തൊഴില്‍ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും സുരക്ഷിതത്വവും ചോദ്യചിഹ്നമാകുന്ന സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളും കടുത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാല് പതിറ്റാണ്ടായി ഇടുക്കിയിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന എ.പി. ഉസ്മാന് അവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി ഫലപ്രദമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

എ.ഐ.ഡബ്ല്യു.സി.ഇ മുന്‍ സംസ്ഥാന ചെയര്‍മാന്‍ സവിന്‍ സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി., രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍, കെ.പി.സി.സി ഭാരവാഹികളായ നെയ്യാറ്റിന്‍കര സനല്‍, ടി. ശരത്ചന്ദ്രപ്രസാദ്, എസ്. അശോകന്‍, മണക്കാട് സുരേഷ്, ലക്ഷ്മി ആര്‍., സംഘടനയുടെ ദേശീയ സെക്രട്ടറി ബി. വേണുഗോപാല്‍ സ്വാമി, എ.പി. ഉസ്മാന്‍, അഡ്വ. ജോയ് തോമസ്, എം.എന്‍. ഗോപി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, ഉമാ തോമസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജാ, കെ.സി. ബൈജു, നേതാക്കളായ ഷീബ രാമചന്ദ്രന്‍, കെ.എക്‌സ്. സേവ്യര്‍, റഷീദ് താനത്ത്, കെ.സി. പ്രീത്, തോമസ് കല്ലടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button