എംഎൽഎ എത്തിയില്ല, ഭർത്താവ് ഫ്ലാഗ് ഓഫ് ചെയ്തു! മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവിന്റെ നടപടി വിവാദത്തിൽ

കൊല്ലം: ചിറയിൻകീഴിൽ പുതിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ഉദ്ഘാടനം ചെയ്യേണ്ടയാൾ എത്താത്തതിനെത്തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ് കൃഷ്ണകുമാർ ഫ്ളാഗ് ഒഫ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തിൽ സിപിഐ നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ എം.അൻവർ ഷായാണ് കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയത്.

എംഎൽഎ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാർട്ടി ഭാരവാഹി ഉദ്ഘാടനം നിർവഹിച്ചതാണ് വിമർശനത്തിന് കാരണമായത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു ചിറയിൻകീഴിൽനിന്ന് കൊല്ലത്തേക്കുള്ള പുതിയ ബസ് സർവീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സ്ഥലം എംഎൽഎയായ രമ്യ ഹരിദാസിനെയായിരുന്നു ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്.

എന്നാൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ എംഎൽഎയ്ക്ക് ചടങ്ങിൽ എത്താൻ സാധിച്ചില്ല.ഉദ്യോഗസ്ഥതലത്തിലോ ഭരണതലത്തിലോ സ്ഥാനമാനങ്ങൾ ഒന്നുമില്ലാത്ത വ്യക്തി ഫ്ലാഗ് ഓഫ് നടത്തിയത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. പ്രദേശത്തെ മറ്റ് ജനപ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, രമ്യ ഹരിദാസ് എംഎൽഎയുടെ ഓഫീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്. കൃഷ്ണകുമാർ ബസ് സർവീസ് ഫ്ലാഗ് ഒഫ് ചെയ്തതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.മുൻ സിൻഡിക്കറ്റ് അംഗം കൂടിയായ അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗതാഗത വകുപ്പിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ് പലതരത്തിലുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടയിലാണ് പുതിയ സംഭവം വിവാദമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button