ജന്തർ മന്ദറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം

ന്യൂഡൽഹി: ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകർ ഇരുമ്പ് ഗേറ്റും പൊലീസ് ബാരിക്കേഡും ചാടിക്കടന്ന് പ്രതിഷേധവേദിയിലേക്ക് പ്രവേശിച്ചു. സംഭവത്തെത്തുടർന്ന് പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ പ്രതിഷേധം തുടരാൻ അനുമതി തേടിയിരുന്നെങ്കിലും ഇതിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സിജെപി മിന്നൽ പ്രതിഷേധം നടത്തിയത്. 24 മണിക്കൂറിനകം അനുമതി സംബന്ധിച്ച് മറുപടി നൽകണമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും സിജെപി സഹകൺവീനർമാരായ സൗരവ് ദാസും അശുതോഷ് റാങ്കയും നേരത്തെ അറിയിച്ചിരുന്നു.
വർഷങ്ങളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾക്കായി ഉപയോഗിച്ചുവരുന്ന ജന്തർ മന്ദറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെയും സിജെപി രംഗത്തെത്തിയിരുന്നു. ഇവിടെ സമരം നടത്താൻ അനുമതി നൽകണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം.
രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ജനജീവിതവും വ്യാപാരവും തടസ്സപ്പെടുകയാണെന്നും പ്രതിഷേധങ്ങൾക്ക് നിശ്ചിത വേദി അനുവദിക്കണമെന്നും സിജെപി നേതാക്കൾ ആരോപിച്ചു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ പ്രവർത്തകർ ജന്തർ മന്ദറിൽ അപ്രതീക്ഷിതമായി പ്രതിഷേധം നടത്തിയത്.



