മിനി കൂപ്പർ അപകടം: മൂന്ന് പേരുടെ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികൾ നാലായി

കൊച്ചി: നെടുമ്പാശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അപകടമുണ്ടാക്കിയ സുഹൈൽ സജീവിന്റെ സുഹൃത്തുക്കളായ അമീൻ, ജോയൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അപകടത്തിൽ സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് നിനവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമിതമായി മദ്യപിച്ചശേഷം വാഹനമോടിച്ചതും അപകടകരമായ ഡ്രൈവിങ് തടയാൻ ശ്രമിക്കാത്തതും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് സുഹൃത്തുക്കൾക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജോയലും അമീനും മറ്റൊരു കാറിൽ സ്ഥലത്തുനിന്ന് കടന്നതായും വിവരമുണ്ട്.
മൂന്ന് ബാറുകളിൽനിന്ന് തുടർച്ചയായി മദ്യപിച്ചശേഷമാണ് സംഘം യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അപകടമുണ്ടാക്കിയ സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചേക്കും.
നെടുമ്പാശേരിയിൽ സുവർണോദ്യാനം ബയോളജിക്കൽ പാർക്കിന് സമീപം പുലർച്ചെ 1.40ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും റോഡിൽ തലയടിച്ചുവീണ് തൽക്ഷണം മരിച്ചു. സ്കൂട്ടറുമായി ഏകദേശം 100 മീറ്റർ മുന്നോട്ടുപോയ കാർ കോൺക്രീറ്റ് തിട്ട ഇടിച്ചുതകർത്ത ശേഷമാണ് നിന്നത്.
അപകടത്തിൽ വയനാട് കൽപ്പറ്റ മടക്കിമല സ്വദേശിനി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക (22), കർണാടക കൂർഗ് സ്വദേശി ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്. മൂന്നുപേരും എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്സ് പഠിക്കുന്ന വിദ്യാർഥികളായിരുന്നു. തൃക്കാക്കരയിലെ ഒരു സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന ഇവർ ജോലി കഴിഞ്ഞ് നെടുമ്പാശേരിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് കാർ എത്ര വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും വാഹനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോയെന്നും പരിശോധിക്കും. നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഉദ്യോഗസ്ഥർ വാഹനത്തിന്റെ സാങ്കേതിക പരിശോധന നടത്തുമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.



