ശ്രീലേഖയുടെ രാജിവിവാദം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണം; പ്രതികരണവുമായി ബിജെപി നേതാവ് എസ്. സുരേഷ്

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിവിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ്. സുരേഷ്. ശ്രീലേഖയ്ക്ക് പരാതികളുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേയർ വി.വി. രാജേഷിനെതിരായ പരാമർശങ്ങളിൽ ശ്രീലേഖയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പാർട്ടിക്കകത്ത് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും എസ്. സുരേഷ് പറഞ്ഞു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തെയും എസ്. സുരേഷ് വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ഡൽഹിയിൽ മലയാളം ചാനലുകൾക്ക് മുന്നിൽ നടത്തിയ സമരം നാടകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിഷേധം കേരളത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കൗൺസിലർ എന്ന നിലയിൽ നേരിട്ട ബുദ്ധിമുട്ടുകളും സമ്മർദങ്ങളും വെളിപ്പെടുത്തി ആർ. ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഡിജിപിയായിരുന്ന ഒരാളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെയാണ് തന്റെ അവസ്ഥയെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു വിശദീകരണം.

ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, വൈഫൈ, ടെലിഫോൺ കണക്ഷൻ എന്നിവ പ്രവർത്തനരഹിതമാണെന്നും ഉപയോഗിക്കാവുന്ന കസേര പോലുമില്ലെന്നും ശ്രീലേഖ ആരോപിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് 12-ഓളം കത്തുകൾ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

താൻ നൽകുന്ന നിർദേശങ്ങളും ശുപാർശകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തലത്തിൽ വൈകുന്നതായും ശ്രീലേഖ ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ കടുത്ത വിഷമമുണ്ടെന്നും ഇതേ സാഹചര്യം തുടർന്നാൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ച് മേയർക്ക് കത്ത് നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി.

എന്നാൽ, ബിജെപിയിൽ നിന്ന് രാജിവച്ചിട്ടില്ലെന്നും താൻ വിശ്വസിക്കുന്ന ഏറ്റവും നല്ല ദേശീയ പാർട്ടിയാണ് ബിജെപിയെന്നും ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് പിന്നാലെ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button