മെസ്സി തട്ടിപ്പ് കേസ്: വി. അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു? പ്രോസിക്യൂഷന് ഗവർണറുടെ അനുമതി തേടാൻ സർക്കാർ

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ ഒരുങ്ങുന്നു. മുൻ മന്ത്രിയായതിനാൽ അന്വേഷണ അനുമതിക്കായി ഗവർണർക്ക് റിപ്പോർട്ട് നൽകും. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.
വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുമുള്ള ശുപാർശാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കൈമാറിക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.
യാതൊരുവിധ ടെൻഡർ നടപടികളോ സുതാര്യതയോ പാലിക്കാതെയാണ് ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’യെ മെസ്സിയുടെയും സംഘത്തിന്റെയും സന്ദർശന പരിപാടിയുടെ ഔദ്യോഗിക സ്പോൺസറായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ സ്പോൺസറെ നിശ്ചയിച്ചതിലും, സ്വകാര്യ വ്യക്തിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഏർപ്പെടാൻ സൗകര്യമൊരുക്കിയതിലും മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമവിരുദ്ധ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രധാന ആക്ഷേപം.



