തിരഞ്ഞെടുപ്പ് ഫലത്തിൽ വൻ ട്വിസ്റ്റ്! തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ മുന്നേറ്റം; പുതുച്ചേരിയിൽ എൻഡിഎയ്ക്ക് ജയം

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിലെ ഫലപ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസിനാണ് വിജയം. 8,432 വോട്ടുകൾക്കാണ് എൻഡിഎയുടെ അശോക് ആനന്ദ് വിജയിച്ചത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ഡിഎംകെ മൂന്നാം സ്ഥാനത്തുമായി. പുതുച്ചേരി മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് അദ്ധ്യക്ഷനുമായ എൻ രംഗസാമി, തട്ടാൻചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ വെടിയേറ്റ് മരിച്ച, മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിന്റെ അമ്മ ഹസിറാണി റാത്ത് ആണ് ഇവിടത്തെ ബിജെപി സ്ഥാനാർത്ഥി. 19,600ലധികം വോട്ടുകൾക്കാണ് ഇവർ ലീഡ് ചെയ്യുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാൻ ആണ് ഇവിടെ രണ്ടാമത്. പശ്ചിമബംഗാളിലെ റെജിനഗർ മണ്ഡലത്തിൽ ബിജെപിക്ക് 11,033 വോട്ടിന് മുന്നിലാണ്. ഇവിടെ രണ്ടാം സ്ഥാനത്ത് കോൺഗ്രസാണ്. മമതയുടെ സ്ഥാനാർത്ഥി നാലാം സ്ഥാനത്താണ്.തമിഴ്നാട് മധുരാന്തകം മണ്ഡലത്തിൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ ടിവികെയ്ക്ക് 3,161 വോട്ടിന്റെ ലീഡാണ്. അഞ്ച് റൗണ്ട് പൂർത്തിയായ ധാരാപുരത്ത് 724 വോട്ടിന് ടിവികെ സ്ഥാനാർത്ഥിയാണ് മുന്നിൽ. അസമിലെ നാഗോൺ ലോക്സഭാ സീറ്റിൽ ബിജെപിയുടെ ലീഡ് 36,373 ആയി.
എഐയുഡിഎഫ് സ്ഥാനാർത്ഥി ബദറുദ്ദീൻ അജ്മലാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗർ, തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടാൻചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോർ ലോക്സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ ആറിനായിരുന്നു തിരഞ്ഞെടുപ്പ്.



