കളമശേരി കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്; നാല് പ്രതികളെയും തിരിച്ചറിഞ്ഞു

കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉൾപ്പെടെയുള്ളവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്ന് മൊഴിയെടുത്തത്. തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യയാണെന്നും യുവതി മൊഴി നൽകിയതായാണ് വിവരം.

അറസ്റ്റിലായ സഞ്ജു കൂട്ടബലാത്സംഗത്തിന് കാവൽ നിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സഞ്ജുവും ശരണ്യയും കേസിലെ മുഖ്യപ്രതിയായ ശ്രീരാജിന്റെ സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു.

ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും ഇന്ന് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോകും. ശരണ്യ ആറ് മാസം മുൻപാണ് സ്പായിൽ ജോലിക്ക് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന ആരോപണവുമായി അതിജീവിതയുടെ ഭർത്താവ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തും.

സംഭവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസിക സമ്മർദ്ദവും കാരണം ഇതുവരെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിൽ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

രാസലഹരി നൽകി പീഡിപ്പിച്ചെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ലഹരിമരുന്ന് ബന്ധങ്ങളും ലഹരിമരുന്നിന്റെ ഉറവിടവും സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നതായും കമ്മീഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button