ദില്ലിയിൽ പ്രതിഷേധം കടുക്കുന്നു; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ പ്രതിപക്ഷ നേതാക്കൾ ദില്ലിയിലെത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
രാഷ്ട്രപതിയെ കാണുന്ന പ്രതിപക്ഷ സംഘത്തിൽ ഉൾപ്പെടുത്തേണ്ട 10 നേതാക്കളെ തീരുമാനിക്കുന്നതിനായി രാവിലെ 11 മണിക്ക് നേതാക്കൾ യോഗം ചേരും.
11,000 അധിക കേന്ദ്രസേനാംഗങ്ങൾ ദില്ലിയിലേക്ക്
പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ 11,000 അധിക കേന്ദ്രസേനാംഗങ്ങളെ ദില്ലിയിൽ വിന്യസിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം 12 വരെ 110 CAPF കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതോടെ നഗരത്തിലെത്തുന്ന കേന്ദ്രസേനാംഗങ്ങളുടെ എണ്ണം ഏകദേശം 26,000 ആയി ഉയരും.
വനിതകളുടെ പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ CAPF കമ്പനികളെയും വിന്യസിക്കും.
അതിർത്തികളിലും പരിശോധന ശക്തമാക്കും
സിജെപി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ സുരക്ഷാ നടപടികൾ പൊലീസ് ശക്തമാക്കി. സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
യുപി, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും. പ്രതിഷേധക്കാർക്കായി സർവീസ് നടത്തുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. നിലവിലുള്ള Z+ സുരക്ഷ കൂടുതൽ ശക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷ ഏർപ്പെടുത്തി. വസതിക്ക് സമീപം കൂടുതൽ അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലെയും ആഗ്രയിലെയും അദ്ദേഹത്തിന്റെ വസതികളിലും സുരക്ഷ വർധിപ്പിച്ചു.



