ഡൽഹിയിൽ മിന്നൽ പ്രതിഷേധം; ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി, ‘രാജ്യദ്രോഹി’യെന്ന് ആരോപണം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. മിന്നൽ സമരങ്ങളിലൂടെ രാജിക്കായി സമ്മർദ്ദം ചെലുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മല്ലികാർജുൻ ഖാർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിച്ചു.
പ്രതിഷേധം തടയാൻ ജൻപഥിൽ അസാധാരണ പൊലീസ് വിന്യാസമാണ് ഒരുങ്ങിയിരിക്കുന്നത്. സാഗർരത്ന ഹോട്ടലിൽ മുന്നിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ജന്തർമന്തറിലേക്ക് പോകുന്ന വഴിയടക്കുകയായിരുന്നു.
ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയെന്ന് രാഹുൽ
കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണാൻ പ്രതിപക്ഷ എംപിമാർ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് പോകുകയാമെന്നും പ്രതിഷേധിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എത്താൻ തങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ ഇന്നത്തെ പദ്ധതി. ഗ്യാനേഷ് കുമാർ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യദ്രോഹിയാണ്. ഗ്യാനേഷ് കുമാർ രാജിവയ്ക്കണം’- രാഹുൽ ഗാന്ധി പറഞ്ഞു.തനിക്കെതിരെ ഇപ്പോൾ 45 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തതെന്നും അത് 100 എണ്ണം ആക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ എഫ്‌ഐആറും ഞാൻ ഒരു മെഡലായാണ് കാണുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.



