കോംഗോയിൽ വിമാനം തകർന്നുവീണ് 14 പേർ മരിച്ചു; മരിച്ചവരിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കോംഗോ സൈന്യമാണ് അപകടവിവരം പുറത്തുവിട്ടത്. കോംഗോയിലെ സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കാറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബാക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥർ.

രണ്ട് ജനറൽ ഓഫീസർമാർക്ക് പുറമെ, പ്രതിനിധി സംഘത്തിലെ 12 അംഗങ്ങളും വിമാനത്തിലെ ജീവനക്കാരും അപകടത്തിൽ മരണപ്പെട്ടതായി കോംഗോ സൈനിക വക്താവ് മേജർ ജനറൽ എഫോമി എകെംഗെ പ്രസ്‌താവനയിലൂടെ അറിയിച്ചു. തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്നും തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കെംഗെ എന്ന സ്ഥലത്ത് വിമാനം തകർന്നുവീഴുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വർഷം മുതൽ കിഴക്കൻ മേഖലയിൽ റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എം23 ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകളുമായി കോംഗോ സൈന്യം കടുത്ത പോരാട്ടത്തിലാണ്. വിമതർ മേഖലയിലെ പ്രധാന നഗരങ്ങൾ പിടിച്ചടക്കിയതിനെ തുടർന്നാണ് ഇവിടെ സൈനിക നടപടി ശക്തമാക്കിയത്. ഇതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് സൈനിക മേധാവികളുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button