ഇറാൻ ആകാശത്ത് അജ്ഞാത പ്രകാശവസ്തു; ‘അന്യഗ്രഹജീവികളോ?’ അമേരിക്കയ്ക്ക് പിന്നാലെ ഇറാനിലും ദുരൂഹ കാഴ്ച!

ടെഹ്റാൻ: ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതായി റിപ്പോർട്ട്. രാത്രിയിൽ തിളങ്ങുന്ന ഒരു വസ്തു ആകാശത്ത് താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെഹ്റാനിലെ അസാദേഗൻ എക്സ്പ്രസ്വേയ്ക്ക് സമീപം സെപ്തംബർ 20നാണ് ഈ ദൃശ്യം കണ്ടത്.
ഈ നിഗൂഢ വസ്തുവിനെ കുറിച്ച് വിവിധ തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇറാൻ ഭരണകൂടം ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഡ്രോണോ യുഎഫ്ഒയോ വിമാനമോ ആകാം ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിലർ ഇത് സൈനിക ഡ്രോണുകൾ ഒരുമിച്ച് പറക്കുന്നതാണെന്നും അവകാശപ്പെടുന്നു.
എന്നാൽ ഇത് അന്യഗ്രഹ ജീവികൾ ആണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇത് പറക്കുംതളികയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ അവകാശവാദം. യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് സൈനിക ഉപകരണങ്ങളാണെന്നും ചിലർ അവകാശപ്പെടുന്നവരുമുണ്ട്. നിഗൂഢ വസ്തുവിന്റെ വലിപ്പം, ഉയരം, വേഗത എന്നിവയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.



