അജിത്തിന്റെ കാർ റേസ് കാണാൻ വിജയ്; പിന്നാലെ തൃഷയും, സിൽവർസ്റ്റോണിലെ ദൃശ്യങ്ങൾ വൈറൽ

ലണ്ടൻ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് മത്സരത്തിൽ നടൻ അജിത് കുമാറിന്റെ കാർ റേസിംഗ് കാണാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെയും നടി തൃഷ കൃഷ്ണന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
റേസിംഗ് മത്സരവേദിയിൽ വിജയ്‌യും അജിത്തും കണ്ടുമുട്ടുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്ത ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മത്സരത്തിൽ അതിഥിയായെത്തിയ വിജയ് ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുത്തു.
ഇന്നലെയാണ് നടി തൃഷ സിൽവർസ്റ്റോണിലെത്തിയത്. വിജയ് മത്സരം കണ്ടുകൊണ്ട് നിൽക്കുന്നതിനിടെ തൃഷ പെട്ടെന്ന് എത്തിനോക്കുന്നതും പിന്നാലെ വിജയ് പിന്നിലേക്ക് തിരിയുന്നതുമാണ് ഇപ്പോൾ വൈറലായ ദൃശ്യങ്ങളിലുള്ളത്.
ക്യാമറക്കണ്ണുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വിജയ് പെട്ടെന്ന് മാറിനിന്നതാണെന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നിലവിൽ ലണ്ടനിലാണ് താമസിക്കുന്നതെന്ന വിവരവും ഇതിനിടെ ചർച്ചയാകുന്നുണ്ട്.
അജിത്തിന്റെ മത്സരം കാണാൻ സിൽവർസ്റ്റോണിലെത്തിയ നടി രാധിക തൃഷയ്ക്കൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘ലണ്ടനിൽ വച്ച് സുന്ദരിയായ തൃഷയെ കണ്ടുമുട്ടി. ഈ വാരാന്ത്യത്തിൽ ട്രാക്കിലിറങ്ങുന്ന നമ്മുടെ സ്വന്തം തല അജിത് കുമാറിന് എല്ലാവിധ ആശംസകളും’ എന്ന കുറിപ്പോടെയായിരുന്നു രാധികയുടെ പോസ്റ്റ്.
തൃഷയും അജിത്തിന്റെ മത്സരം കാണാൻ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇപ്പോൾ സിൽവർസ്റ്റോണിൽ നിന്നുള്ള വിജയ്–തൃഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.



