ഗായത്രിയെ പുറത്താക്കിയ നടപടി ശരിയായിരുന്നോ?’; ലീഡറെയും അനുയായികളെയും ചോദ്യം ചെയ്ത് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ് 8 ല്‍ ആദ്യ വാരത്തിലെ സര്‍പ്രൈസുകളില്‍ ഒന്നായിരുന്നു സ്പോട്ട് എവിക്ഷന്. ബിഗ് ബോസ് മുന്‍ സീസണുകളില്‍ ഹൗസിന്റെ മേധാവിയായി ഓരോ വാരവും തിരഞ്ഞെടുക്കപ്പെടുന്ന ക്യാപ്റ്റന്‍ പകരം ആ സ്ഥാനത്തുള്ളയാള്‍ക്ക് ലീഡര്‍ എന്നാണ് ഇക്കുറി വിളിപ്പേര്. ജസീല പര്‍വീണ്‍ ആണ് ആദ്യ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്.
ജസീലയ്ക്ക് ബിഗ് ബോസില്‍ നിന്നും ഇതുവരെ ലഭിച്ച കടുപ്പമുള്ള ടാസ്കുകളില് ഒന്ന് സ്പോട്ട് എവിക്ഷനായി ആളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. ഗായത്രി സുരേഷിനെയാണ് സ്പോട്ട് എവിക്ഷനായി ലീഡറും അനുയായികളായ മൃദുല വിജയും സുമേഷ് ചന്ദ്രനും ചേര്‍ന്ന് തിരഞ്ഞെടുത്തത്. പിന്നാലെ ഗായത്രി സുരേഷിനോട് ഹൗസിന്റെ മുഖ്യ വാതിലിലൂടെ പുറത്തേക്ക് പോകാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇവരോട് ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്.
ഗായത്രിയെ പുറത്താക്കിയത് ശരിയായ തീരുമാനമാണോ എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. ജസീലയോടും മൃദുല വിജയിനോടും സുമേഷ് ചന്ദ്രനോടുമാണ് മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നത്. താന്‍ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനം എടുത്തു എന്ന കാര്യം വിശദീകരിക്കാന്‍ ശ്രമിക്കുന്ന ജസീലയെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്ന എപ്പിസോഡ് പ്രൊമോയില്‍ കാണാം. എടുത്തത് ശരിയായ തീരുമാനം ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയാണ് മൃദുലയും സുമേഷും നല്‍കുന്നത്. പ്രൊമോയില്‍ സൂചിപ്പിക്കുന്നത് മുഴുവനായും കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
അതേസമയം ബിഗ് ബോസ് തുടങ്ങി ആദ്യ ദിനങ്ങളില്‍ത്തന്നെ ഒരു മത്സരാര്‍ഥി സ്പോട്ട് എവിക്ഷനിലൂടെ പുറത്താവുന്നത് മലയാളത്തില്‍ ആദ്യമായാണ്. അതിനാല്‍ത്തന്നെ ഗായത്രി സുരേഷ് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പ്രേമികളില്‍ ഭൂരിഭാഗവും. ഈ വാരാന്ത്യത്തില്‍ത്തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ജനാധിപത്യം എന്നതാണ് സീസണ് 8 ന്റെ പ്രധാന തീം. ക്യാപ്റ്റന്‍ ലീഡര്‍ എന്ന് പേര് നല്കിയിരിക്കുന്നതും ഇതിന്റെ ഭാഗമായാണ്. കാര്യങ്ങള്‍ കൂട്ടായി സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഒരു പ്രത്യേക മുറിയും ഇക്കുറി ഹൗസില്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ലീഡറായി ജസീല പര്‍വീണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ വാരത്തിന്റെ അവസാന ദിനങ്ങളോട് അടുക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും ജസീലയുടെ കൈയില്‍ നിന്ന് ലീഡറുടെ കടിഞ്ഞാണ്‍ നഷ്ടമാകുന്ന കാഴ്ചയും ഉണ്ടായിരുന്നു.



