‘ഒരു പുകയെടുത്താൽ ടെൻഷനെല്ലാം തീരും’; ബാബാ രാംദേവിന്റെ ആയുർവേദിക് ഹുക്ക ചർച്ചയിൽ

ഡെറാഡൂൺ: ബാബാ രാംദേവിന്റെ ‘ആയുർവേദിക് ഹുക്ക’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാധാരണ ഹുക്കയിൽ നിന്ന് വ്യത്യസ്തമായി ആയുർവേദ ചേരുവകളും ഔഷധസസ്യങ്ങളുമാണ് ഈ വൈറൽ ഹുക്കയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പുകയിലയോ ഫ്ലേവറുകളോ രാസവസ്തുക്കളോ ഇല്ലാതെ പൂർണമായും ആയുർവേദ ചേരുവകൾ മാത്രമാണ് ഇതിലുള്ളതെന്നാണ് ബാബാ രാംദേവ് തന്റെ സമൂഹമാദ്ധ്യമ പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

പുകയിലയ്ക്കും ഈ-സിഗരറ്റുകൾക്കും പകരം ആയുർവേദ ഹുക്കയെ പ്രോത്സാഹിപ്പിക്കുകയാണ് താൻ ഇതിലൂടെ ചെയ്യുന്നതെന്നാണ് ബാബാ രാംദേവ് അവകാശപ്പെടുന്നത്. ആയുർവേദ കൂട്ടിൽ ഒരുക്കിയിരിക്കുന്ന ഹുക്കയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തൊക്കെയാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇരട്ടിമധുരം, മഞ്ഞൾ, കടുക്, പശുവിൻ നെയ്യ്, കാകട ശൃംഗി, നാടൻ കർപ്പൂരം എന്നിവയാണ് ആയുർവേദ ഹുക്കയ്ക്കായി ഉപയോഗിക്കുന്നത്.

ഇരട്ടിമധുരം ചതച്ച് പശുവിൻ നെയ്യിൽ ചാലിച്ച ശേഷം അതിലേക്ക് മഞ്ഞളും കടുകും ചേർക്കുന്നു. ഹുക്ക പാത്രത്തിൽ കർപ്പൂരം കത്തിച്ച ശേഷം അതിനു മുകളിൽ കാകട ശൃംഗി വച്ചാണ് പുക ഉണ്ടാക്കുന്നത്.ഈ പുകയ്ക്ക് ആയുർവേദ ഗുണങ്ങൾ ഉണ്ടെന്നും ഇത് ശ്വസിക്കുന്നത് വഴി ആയുർവേദത്തിലെ വാത-പിത്ത-കഫ (ത്രിദോഷങ്ങൾ) സന്തുലിതാവസ്ഥയിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, ഈ പുക മൂക്കടപ്പ്, ചുമ എന്നിവയ്ക്ക് ഉടനടി ആശ്വാസം നൽകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

സാധാരണ ഹുക്കകളിലും ഇ-സിഗരറ്റുകളിലും അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കളും പുകയിലയും ശ്വാസകോശത്തെ തകർക്കുമ്പോൾ ഇത്തരം പാരമ്പര്യ രീതികൾ ഗുണം ചെയ്യുമെന്നാണ് ബാബാ രാംദേവിന്റെ വാദം.എന്നാൽ വൈറൽ ഹുക്കയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ തലമുറയുടെ ട്രെൻഡുകൾക്ക് അനുസരിച്ച് ബാബാ രാംദേവ് മാറിയെന്ന തരത്തിലുള്ള തമാശകളും കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘ബ്രോ, ഈ തലമുറയെ നന്നായി മനസിലാക്കിയിട്ടുണ്ട്’ എന്നതടക്കമുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. വീഡിയോയ്ക്ക് ലഭിക്കുന്ന രസകരമായ പ്രതികരണങ്ങളും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.അതേസമയം, പുകയില ഉപയോഗിക്കുന്നില്ലെങ്കിലും ഏത് വസ്തു കത്തിച്ചുള്ള പുകയും ശ്വാസകോശത്തിലേക്ക് നേരിട്ട് വലിച്ചെടുക്കുന്നത് ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാരമ്പര്യ വൈദ്യരീതികൾ എന്ന വ്യാജേന വരുന്ന ഇത്തരം രീതികൾക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button