‘യാതൊരു ലജ്ജയുമില്ലാതെ പിതൃത്വം ഏറ്റെടുക്കുന്നു’; പത്മാകഫേ വിവാദത്തിൽ ഗണേഷ് കുമാറിന്റെ വിമർശനം

കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോൾ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാധ്യമങ്ങളിലൂടെയാണ് പത്മാകഫേയുടെ ഉദ്ഘാടന വിവരം അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. അഭിമാനബോധത്തോടെ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഇന്ന് പത്മാകഫേ ഉദ്ഘാടനം ചെയ്യുന്നത്.

പത്മാകഫേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ കെ.ബി. ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയുണ്ടായ തർക്കങ്ങളും കൂട്ടരാജിയുമാണ് ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറും ജി. സുകുമാരൻ നായരും തമ്മിലുള്ള പരസ്യ പോര് ശക്തമായത്.

അതേസമയം, പത്മാകഫേ യാഥാർഥ്യമാക്കിയത് കെ.ബി. ഗണേഷ് കുമാറാണെന്ന് അവകാശപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളും കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ ഉയർന്നിരുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് ഗണേഷ് കുമാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button