‘നിങ്ങളുടെ കണ്ണുകൾ എന്താണ് തിരയുന്നതെന്ന് എനിക്ക് അറിയാമായിരുന്നു’; വികാരനിർഭരമായ വാക്കുകൾ ശ്രദ്ധനേടുന്നു

മലയാളത്തിൽ തിളങ്ങി ഇന്ന് അന്യഭാഷാ ചിത്രങ്ങളിൽ തിരക്കേറിയ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളികൾക്ക് അഭിമാനിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ തമിഴിലും മറ്റ് ഭാഷകളിലുമായി അവതരിപ്പിച്ചിട്ടുണ്ട്. 2025 സെപ്തംബറിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നു എന്ന ഐശ്വര്യ ലക്ഷ്മിയുടെ പ്രഖ്യാപനം ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.
രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. ഒരു ഉദ്ഘാടന വേളയിലും ഡയമണ്ട് എക്സിബിഷനിലും ഐശ്വര്യ ധരിച്ച വസ്ത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രതികരണം,’സത്യം പറഞ്ഞാൽ എനിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. പക്ഷേ, അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ പറയാം. ഇത് എന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണമല്ല.
ഞാൻ എന്ത് ധരിക്കുന്നു എന്നതിൽ ഒരിക്കലും ആർക്കും വിശദീകരണം നൽകേണ്ട കാര്യമില്ല. പക്ഷേ, അത്രയും തമാശയായി തോന്നിയ കാര്യമാണിത്. എന്ത് ചിന്തിച്ചാണ് അന്ന് ഞാനാ ഡ്രസ് ഇട്ടതെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്.ട്രോൾ ചെയ്യപ്പെട്ട ഡ്രസിനെപ്പറ്റി പറയാം. അതൊരു റിയൽ ട്രാജഡിയായിരുന്നു. ഇപ്പോൾ എവിടെയെങ്കിലും ഈ ബ്രാൻഡ് കണ്ടാൽ എന്റെ കൂട്ടുകാർ അത് അയച്ചുതരും. നിർത്ത് , നിർത്ത് എന്ന് പറയേണ്ട അവസ്ഥയാണ്. അന്ന് മുറിയിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്, മാനേജർ എന്നിവരെല്ലാം ഉണ്ടായിരുന്നു.
എല്ലാവരും എന്നോട് പറഞ്ഞു ഐശ്വര്യാ, വേണ്ടാ ചിലപ്പോൾ ഇത് ശരിയാകില്ല എന്ന്. എന്റെ മുന്നിൽ വേറെയും വസ്ത്രങ്ങളുണ്ടായിരുന്നു. എന്നിട്ടും ഞാൻ ഇത് തന്നെ തിരഞ്ഞെടുത്തു.ഇതാണ് ഫാഷൻ, മുലക്കച്ച നമ്മൾ തിരികെ ട്രെൻഡിംഗ് ആക്കാൻ പോവുകയാണ് എന്നൊക്കെ വിചാരിച്ചാണ് പോയത്. പക്ഷേ, പിന്നീട് ആ ഡ്രസ് ശരിയായില്ലെന്ന് എനിക്കുതന്നെ തോന്നി. അത്രയ്ക്കും എപിക് ആയ ഒരു അമളിയായിരുന്നു അത്. പിന്നീട് കീ ഹോൾ ഉള്ള മറ്റൊരു വസ്ത്രവും ഇതേ രീതിയിലായിരുന്നു. മുന്നിൽ വലിയൊരു കീഹോളുള്ള ഡ്രസായിരുന്നു.
അത് ഇട്ടുകഴിഞ്ഞപ്പോൾ നന്നായിരുന്നു. ആ വസ്ത്രത്തിനൊപ്പം ഡയമണ്ട് കൂടിയായപ്പോൾ സെക്സി ലുക്ക് ഉണ്ടായിരുന്നു. രാമനാട് എന്ന സ്ഥലത്ത് അന്നൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ശേഷം ഫ്ലൈറ്റ് കയറാൻ പോകുന്ന വഴി ഡയമണ്ട് എക്സിബിഷനിൽ ഒന്ന് വരാമോ എന്ന് ആ ജുവലറി ഉടമ ചോദിച്ചു. ആ ബ്രാൻഡുമായുള്ള നല്ല ബന്ധം കാരണം പോയി.
എന്റെ ഫാഷനൊക്കെ കാണിച്ച് തകർക്കാം എന്ന് ഞാൻ വിചാരിച്ചു. പക്ഷേ, അത് പാരീസല്ല പഴവങ്ങാടിയാണെന്നത് ഞാൻ വിട്ടു. ഇത്രയധികം ക്യാമറകൾ അവിടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല.അവിടെയുള്ള ക്യാമറകൾ മുഖത്തിന് പകരം എന്റെ ശരീരഭാഗങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. ഞങ്ങൾക്ക് നിങ്ങളുടെ മുഖം വേണ്ട എന്ന് പറയുന്നതുപോലെയായിരുന്നു ആ മൊബൈൽ ക്യാമറകളുടെ പ്രവർത്തനം.
അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. അതിന് ‘ഓ പെട്ടെന്ന് ബോധം വന്നു, മറയ്ക്കാൻ ശ്രമിക്കുന്നു’ എന്നൊക്കെ പലരും കമന്റിട്ടു. ആ ഡ്രസ് ഇടുന്നതിൽ എനിക്ക് യാതൊരു അസ്വസ്ഥതയും ഇല്ലായിരുന്നു. പക്ഷേ, നിങ്ങളുടെ കണ്ണുകൾ അതിൽ എന്താണ് തിരയുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു’ – ഐശ്വര്യ ലക്ഷ്മി പറഞ്ഞു.



