വൈദ്യുതി പ്രതിസന്ധിയിൽ കേരളം; ഉപഭോഗം സർവകാല റെക്കോർഡിൽ, കൽക്കരി ക്ഷാമവും തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നതോടെ മിക്കയിടത്തും രാത്രികാലങ്ങളിൽ പവർ കട്ട് ഏർപ്പെടുത്തി. കൊടുംചൂടും മഴക്കുറവും കാരണം വൈദ്യുതി ആവശ്യകത മുൻകൂട്ടി കാണുന്നതിൽ കെ.എസ്.ഇ.ബിക്ക് വന്ന വീഴ്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത വൈകീട്ട് ഏഴേകാലിനാണ് രേഖപ്പെടുത്തിയത്. ആ സമയത്ത് സംസ്ഥാനത്തെ ആവശ്യകത 4999 മെഗാവാട്ടിലെത്തി. ആകെ ഉപയോഗം 93.74 ദശലക്ഷം യൂണിറ്റായപ്പോൾ ജലവൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റായി ചുരുങ്ങി. ബാക്കി വന്ന 67 ദശലക്ഷം യൂണിറ്റോളം പുറത്തുനിന്നാണ് എത്തിച്ചത്. ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമവും കേന്ദ്രവിഹിതം കുറഞ്ഞതും പ്രതിസന്ധി ആഴത്തിലാക്കി. മുൻകാലങ്ങളിൽ ലഭ്യമായിരുന്ന മധ്യപ്രദേശിന്റെ സഹായവും ഇത്തവണ കിട്ടിയില്ല.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ആവശ്യകത കൂടിയതിനാൽ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ്. പീക്ക് സമയത്തെ ടെൻഡറുകളിൽ കമ്പനികൾ പങ്കെടുക്കാത്തതും തിരിച്ചടിയായി. ദീർഘകാല കരാറുകളുടെ അഭാവവും രാത്രികാലങ്ങളിലെ അനിയന്ത്രിതമായ ഇലക്ട്രിക് വാഹന ചാർജിംഗുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. സമാന സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇനിയും തുടർന്നേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button