‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാകുന്നതിനിടയിൽ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. താൻ പത്ത് തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുകഴിഞ്ഞെന്നും ഇനി മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും, എങ്കിലും കോൺഗ്രസ് നേതൃത്വം എടുത്ത നിലപാട് അനുസരിക്കുമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അതാണ് പൊതുവികാരമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പിമാർ പി.സി.സി അധ്യക്ഷന്മാരാകുന്നത് പുത്തരിയല്ലെന്നും, എം.പിമാരെയും എം.എൽ.എമാരെയും അധ്യക്ഷന്മാരാക്കരുതെന്ന യാതൊരു കീഴ്‌വഴക്കവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, കെപിസിസി അധ്യക്ഷ നിയമനം വൈകരുതെന്ന് വി.ഡി. സതീശൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കെപിസിസിക്ക് എത്രയും പെട്ടെന്ന് മുഴുവൻ സമയ അധ്യക്ഷനെ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡൽഹിയിലെ പത്ത് ജൻപഥിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് വി.ഡി. സതീശൻ ഈ ആവശ്യം ഉന്നയിച്ചത്. അധ്യക്ഷ നിയമനത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള ഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button