കരുവാറ്റ കൊലപാതകം: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; അസാധാരണ ഉത്തരവ്

ആലപ്പുഴ: കരുവാറ്റ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് ആലപ്പുഴ ജുവനൈൽ കോടതി. കോടതിയുടേത് അസാധാരണ നടപടിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥയില്ല. അത്തരത്തിലുള്ള മുൻ കോടതി വിധികളുമില്ല. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകളനുസരിച്ച് പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്ന് മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ.

കുട്ടികൾ മാത്രം പ്രതികളായ,​ ദൃക്‌സാക്ഷികളില്ലാത്ത,​ അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദു‌ർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാൽ നിയമ പരിരക്ഷ കിട്ടില്ലെന്ന സന്ദേശമാണ് വിധിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കരുവാറ്റയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാറാണ് (65) കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊല്ലപ്പെട്ടത്. മോശമായി പെരുമാറിയെന്ന് ചെറുമകളായ പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കരുവാറ്റയിലെ ഗൃഹനാഥനെ കൊന്നതെന്നാണ് അറസ്റ്റിലായ ആൺകുട്ടികൾ മൊഴി നൽകിയത്. സ്വർണവും പണവും മോഷ്ടിക്കാനാണ് എത്തിയതെന്നും ഇവർ മൊഴി നൽകിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button