ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വിജയ്; ‘കരുണാനിധിയും സ്റ്റാലിനും അഴിമതിക്കാർ’സഭയിൽ വാക്കേറ്റവും ബഹളവും

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെയ്ക്കെതിരായ അഴിമതി ആരോപണങ്ങളും ഇ.ഡി കേസ് വിവരങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി വിജയ് സഭയിൽ നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്തെ അഴിമതി ആരോപണങ്ങളും, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ സഭയിൽ എഴുന്നേറ്റ് നിന്ന് കടുത്ത പ്രതിഷേധം

രേഖപ്പെടുത്തി. മുൻ സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ ജോലിക്ക് കോഴ ആരോപണം വിജയ് സഭയിൽ വീണ്ടും ഉന്നയിക്കുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചു കേൾപ്പിക്കുകയും ചെയ്തു.

സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഡി.എം.കെ നേതാക്കൾ ചോദിക്കുന്ന നിലപാടിലെ രാഷ്ട്രീയത്തെ വിജയ് വിമർശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഡിഎംകെക്കാർ ചോദിക്കുന്നത്. അതാണ് ഡിഎംകെയെന്ന് വിജയ് കുറ്റപ്പെടുത്തി.

മുൻ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയും വലിയ ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കി ഫയലുകൾ കൂടി തുറന്നാൽ എന്താകും സ്ഥിതിയെന്ന് ചോദിച്ചു.

അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുത്. ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ട്, തെറ്റെവിടെയുണ്ടോ അവിടെ ഡി.എം.കെയുമുണ്ടെന്നാണ് സ്ഥിതിയെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ സഭയിൽ വൻ ബഹളവും വാഗ്വാദവും ഉടലെടുത്തു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button