സഞ്ജുവിനെ നായകനാക്കിയതുകൊണ്ട് മാത്രം സിഎസ്‌കെ കപ്പ് നേടില്ല’; ടീമിൽ മാറ്റങ്ങൾ വേണമെന്ന് വിമർശനം

ചെന്നൈ: സ്ഥിരതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് സൂചന. തുടർച്ചയായ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കാണാതെയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയുടെ 2026 ഐപിഎൽ സീസൺ അവസാനിച്ചത്. നായകൻ ഋതുരാജ് ഗെയ്‌ക്‌വാ‌ദിന്റെ മോശം ഫോമും ടീമിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ ചെന്നൈയിലെത്തിയതോടെ നായക സ്ഥാനത്ത് മാറ്റം വരുമോയെന്ന ചർച്ചകളും സജീവമാണ്.

ഇപ്പോഴിതാ ഗെയ്‌ക്‌വാ‌ദിന് പകരം സഞ്ജുവിനെ ക്യാപ്ടനാക്കുന്ന കാര്യം ചെന്നൈ പരിഗണിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ് അഭിപ്രായപ്പെട്ടത്. രാജസ്ഥാൻ റോയൽസിനെ വർഷങ്ങളോളം നയിച്ച പരിചയസമ്പത്താണ് സഞ്ജുവിന് അനുകൂല ഘടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡ‌ിയോയിൽ സംസാരിക്കുകയായിരുന്നു മുൻതാരം.’ചെന്നൈയുടെ ക്യാപ്ടൻ സ്ഥാനത്തേക്ക് പല സാധ്യതകളും പരിഗണിക്കുന്നതായി തോന്നുന്നു. ക്യാപ്ടനെ മാറ്റേണ്ടതുണ്ടോ എന്നതും അവർ ആലോചിക്കുന്നുണ്ട്.

അങ്ങനെയൊരു മാറ്റമുണ്ടായാൽ സഞ്ജു സാംസണെ ഗൗരവമായി പരിഗണിക്കണം. മികച്ച ടീം പ്ലെയറാണ് അദ്ദേഹം. ഐപിഎല്ലിൽ 66 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു 33 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 50 ആണ് വിജയശതമാനം. അദ്ദേഹത്തിന് കീഴിൽ രാജസ്ഥാൻ ഒരിക്കൽ ഫൈനലിലും മറ്റൊരു തവണ പ്ലേ ഓഫിലും എത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ക്യാപ്ടനാക്കിയതുകൊണ്ട് മാത്രം ചെന്നൈയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. ടീമിൽ ഒട്ടേറെ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ക്യാപ്ടനെ മാറ്റാൻ തീരുമാനിച്ചാൽ സഞ്ജുവിനെ ഗൗരവമായി പരിഗണിക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.

2026 സീസണിലെ മോശം പ്രകടനമാണ് ഋതുരാജ് ഗെയ്‌ക്‌വാ‌ദിന്റെ നായക സ്ഥാനത്തിനെതിരെ ചോദ്യങ്ങളുയരാൻ കാരണം. 28.08 ശരാശരിയിൽ 337 റൺസ് മാത്രമാണ് താരം നേടിയത്. പവർപ്ലേയിൽ ബാറ്റ് ചെയ്ത താരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും ഗെയ്‌ക്‌വാ‌ദിനായിരുന്നു. നായക സ്ഥാനത്ത് നിന്ന് മാറ്റി ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്ന അഭിപ്രായം നേരത്തെയും ഉയർന്നിരുന്നു. മുൻ ചെന്നൈ താരവും ഇന്ത്യൻ ബാറ്ററുമായ സുബ്രഹ്മണ്യം ബദരീനാഥും ഗെയ്‌ക്‌വാ‌ദിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button