പോലീസ് കംപ്ലയിൻ്റ് അതോറിറ്റി സി.ഐ.ഒ നിയമനം: നാലു വർഷം കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കാതെ സർക്കാർ; വീണ്ടും പൊതുതാൽപര്യ ഹർജി

തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയിൽ (SPCA) സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ (CIO) നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടിക്കെതിരെ വീണ്ടും നിയമപോരാട്ടം. സർക്കാരിൻ്റെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ജാഫർ ഖാനാണ് ഹൈക്കോടതിയിൽ വീണ്ടും പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്.

പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗുരുതരമായ പരാതികളും കസ്റ്റഡി മരണങ്ങളും അന്വേഷിക്കേണ്ട അതോറിറ്റി, നിലവിൽ ശക്തമായ അന്വേഷണ സംവിധാനമില്ലാതെ നിഷ്ക്രിയമായ അവസ്ഥയിലാണ്. പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായ പരാതികൾ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് പലപ്പോഴും ഇത്തരം അന്വേഷണങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്.

ഈ വിഷയത്തിൽ ഹർജിക്കാരൻ മുൻപ് നൽകിയ ഹർജിയിൽ 2022 ജൂൺ 7-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ തിരഞ്ഞെടുപ്പ് നടപടികൾ 60 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

മുൻപ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഒരു വർഷത്തെ താല്ക്കാലിക കരാർ അടിസ്ഥാനത്തിലും 75,000 രൂപ പ്രതിമാസ ശമ്പളത്തിലുമാണ് സി.ഐ.ഒ തസ്തിക വിഭാവനം ചെയ്തിരുന്നത്. എന്നാൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കസ്റ്റഡി പീഡനങ്ങൾക്കെതിരെയും സ്വതന്ത്രവും ശക്തവുമായ അന്വേഷണം നടത്താൻ ഇത്തരം താല്ക്കാലിക സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് ഹർജിയിൽ പറയുന്നു. പോലീസ് സംവിധാനത്തിൻ്റെ സ്വാധീനവലയത്തിന് പുറത്തുള്ള, ക്രിമിനോളജി, ഫോറൻസിക് തത്വങ്ങൾ

എന്നിവയിൽ വൈദഗ്ധ്യമുള്ള സ്വതന്ത്ര പ്രൊഫഷണലുകളെ ആകർഷിക്കാൻ ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സി.ഐ.ഒ തസ്തിക കരാർ അടിസ്ഥാനത്തിലാക്കാതെ കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു സ്ഥാപന സംവിധാനമായി മാറ്റണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥന് നിലവിലുള്ള പോലീസ് അധികാരശ്രേണിയിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരെ പരിഗണിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button