ആത്മീയ ചർച്ചകളെ വിവാദമാക്കുന്നു; ഭിന്നത വളർത്താൻ ശ്രമമെന്ന് കാന്തപുരം, സ്ത്രീവിരുദ്ധ പരാമർശത്തിൽ വിശദീകരണം

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവനയെച്ച ചൊല്ലിയുള്ള വിവാദങ്ങൾ കത്തിനിൽക്കെ, വിശദീകരണവുമായി സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ രംഗത്ത്. ആത്മീയ ചർച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സമൂഹത്തിൽ ഭിന്നത വളർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും, സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകോപനങ്ങളിൽ കുടുങ്ങരുതെന്ന് അദ്ദേഹം തന്റെ പ്രവർത്തകർക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
‘സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ.
പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിർത്ത സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം’, പോസ്റ്റിൽ വ്യക്തമാക്കുന്നു.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെ, മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദ്ദേശങ്ങളാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് ശക്തമായ രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഈ പരാമർശത്തിനെതിരെ രംഗത്തു വന്നിരുന്നു.
എന്നാൽ, തൃശൂരിൽ നടന്ന ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കവെ കാന്തപുരം തന്റെ നിലപാടിൽ അല്പം അയവു വരുത്തിയിരുന്നു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നതല്ല ഇസ്ലാമെന്നും, പെൺകുട്ടികൾക്കായി മദ്രസകളും സ്കൂളുകളും സ്ഥാപിച്ചും അനാഥരെ സംരക്ഷിച്ചും സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള വിമർശനങ്ങൾ നിലനിൽക്കെ, നാളെ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം തന്റെ നിലപാട് ഔദ്യോഗികമായി വിശദീകരിക്കുമെന്നാണ് വിവരം.



