മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; 2 കിലോയിലധികം എംഡിഎംഎ പിടികൂടി

കൊച്ചി: മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മട്ടാഞ്ചേരി സ്വദേശി നൗഫലും (35) ഇയാളുടെ കൂട്ടാളിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നൗഫലിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പാലാരിവട്ടത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ചെറിയ അളവിൽ എംഡിഎംഎയും കണ്ടെത്തിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് നൗഫലിലേക്ക് എത്തിയത്. തുടർന്ന് ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിൽ നൗഫൽ താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് വൻതോതിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.നൗഫൽ സ്ഥിരം കുറ്റവാളിയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലഹരിമരുന്ന് വില്പനയിൽ ഏർപ്പെട്ടിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായവരെ ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയുമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button