ചെന്നൈയിൽ ലോകോത്തര ‘ഒളിമ്പിക് സിറ്റി’; പ്രത്യേക മോട്ടോർ സ്പോർട്സ് സിറ്റിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാടിന്റെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന് തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്പോർട്സ് സയൻസ്-സ്പോർട്സ് മെഡിസിൻ സെന്ററുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്. കായികതാരങ്ങൾക്കും പരിശീലകർക്കും തങ്ങാനാവശ്യമായ അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെയൊരുക്കും. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾക്ക് കൂടുതൽ മെഡലുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകീകൃത കായിക ഹബ്ബ് നിർമ്മിക്കുന്നത്.
ഒളിമ്പിക് സിറ്റിക്കൊപ്പം ചെന്നൈയിൽ പ്രത്യേക ‘മോട്ടോർ സ്പോർട്സ് സിറ്റി’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള റേസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയോടെയായിരിക്കും ഇത് സജ്ജമാക്കുന്നത്. 2028-ഓടെ ഇന്ത്യയിലേക്ക് ഫോർമുല 1 റേസിംഗ് മത്സരങ്ങൾ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ 2028-ൽ മോട്ടോ ജിപിയും ഡബ്ല്യുആർസിയും, 2030-ഓടെ ഫോർമുല 1-ഉം ഇന്ത്യയിൽ സംഘടിപ്പിക്കാനായി ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും സംയുക്ത നീക്കങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ, തമിഴ്നാട് സർക്കാരിന്റെ ഈ മോട്ടോർ സ്പോർട്സ് സിറ്റി പ്രഖ്യാപനം ഇന്ത്യൻ കായികലോകത്ത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.



